25 November Monday
അകമല മണ്ണിടിച്ചിൽ ഭീഷണി

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിദഗ്ധര്‍ പരിശോധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിദഗ്ധസംഘം അകമലയിൽ സന്ദർശിക്കുന്നു

വടക്കാഞ്ചേരി 
തലപ്പിള്ളി താലൂക്കിലെ അകമലയിലെ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്ത് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിദഗ്ധര്‍ പരിശോധന നടത്തി. അപകടാവസ്ഥയിലുള്ള രണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പ്രദേശവാസികളായ ബാക്കിയുള്ളവര്‍ക്ക് വീട്ടിലേക്ക് തിരിച്ചു പോകാമെന്നും അതേസമയം, മൂന്നു ദിവസത്തിനുള്ളില്‍ 20 മുതല്‍ 25 സെന്റീമീറ്റര്‍ മഴ ഉണ്ടായാല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും വിദഗ്‌ധസംഘം നിര്‍ദേശം നൽകി. 
രണ്ടു കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള നടപടിക്രമങ്ങള്‍ ഉടനെ സ്വീകരിക്കും. മണ്ണിടിഞ്ഞുവീണ വസ്തുവിന് മുകളിലുള്ള ഉപയോഗശൂന്യമായ രണ്ട് കിണറുകള്‍ മൂടാനുള്ള നടപടി കൈക്കൊള്ളും. റോഡുകളുടെ വശങ്ങളില്‍ വെള്ളം ഒഴുകിയെത്തുന്നതിന് ഓടകള്‍ നിര്‍മിക്കും.  ലഘുനീര്‍ത്തട പദ്ധതികള്‍ നടപ്പാക്കാനും ഇതിനായുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കി സമര്‍പ്പിക്കുമെന്നും സംഘം അറിയിച്ചു. 
ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് ജി എസ് പ്രദീപ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എച്ച് വിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രദേശം  പരിശോധിച്ചത്.  കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, ഡിവിഷൻ കൗണ്‍സിലര്‍ ബുഷ്‌റ റഷീദ്, തലപ്പിള്ളി താലൂക്ക് താഹസില്‍ദാര്‍ എം സി അനുപമൻ എന്നിവർ പങ്കെടുത്തു.
വില്ലേജ് ഓഫീസര്‍, ഹസാര്‍ഡ് അനലിസ്റ്റ്, ഡി എം പ്ലാന്‍ കോ–-ഓര്‍ഡിനേറ്റര്‍, ജില്ലാ ജിയോളജിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസര്‍, ഹൈഡ്രോളജിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് സംരക്ഷണ നടപടികൾക്ക് നേതൃത്വം നൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top