22 November Friday

"സര്‍പ്പ" വനത്തിലെത്തിച്ചത് 389 പാമ്പുകളെ

എ എസ് ജിബിനUpdated: Thursday Aug 8, 2024
തൃശൂർ
വനംവകുപ്പ് ആവിഷ്കരിച്ച ‘സർപ്പ’ ആപ്ലിക്കേഷനിലൂടെ ഈ വർഷം ജില്ലയിൽ നാട്ടിൽ നിന്ന് വനത്തിലെത്തിച്ചത് 389 പാമ്പുകളെ. ജൂലൈ വരെയുള്ള കണക്കാണിത്. മഴക്കാലത്താണ് ഏറ്റവും കൂടുതൽ പാമ്പുകൾ പിടിയിലായത്‌. 150 പാമ്പുകൾ. മഴ ശക്തമായ ജൂലൈയിൽ  82 ഉം  ജൂണിൽ 68 ഉം പാമ്പുകളെ പിടികൂടി വനത്തിലെത്തിച്ചു. ജനുവരി(51), ഫെബ്രുവരി (54), മാർച്ച് (60), ഏപ്രിൽ (35), മെയ്(39)  മാസങ്ങളിലായി 239 പാമ്പുകളെ  പിടികൂടി. പാമ്പുകളിലധികവും മൂർഖനാണ്. സംസ്ഥാനത്ത് പാമ്പുകളെ പിടികൂടാൻ 1600 പേരെയാണ് വനംവകുപ്പ് പരിശീലിപ്പിച്ചത്. ഇതിൽ 88 പേർ തൃശൂരിൽ പ്രവർത്തിക്കുന്നു. പാമ്പുപിടിത്തത്തിൽ പരിശീലനം ലഭിച്ചവരിൽ കൂടുതൽ പേരും പ്രവർത്തിക്കുന്നത് മലപ്പുറം, കണ്ണൂർ ജില്ലകളിലാണ്. 
     അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങൾ വർധിച്ചതിനെത്തുടർന്ന് 2020 ആ​ഗസ്‌തിലാണ്‌ വനംവകുപ്പ് സർപ്പ ആപ്പ് (സ്നേക് അവയർനസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്പ്‌) വികസിപ്പിച്ചത്. ജനങ്ങളുടെ ആശങ്കയകറ്റുന്നതിനൊപ്പം പാമ്പുകളെ സുരക്ഷിതമായി വനത്തിലെത്തിക്കുകയെന്ന ലക്ഷ്യവും സർപ്പയ്ക്കുണ്ട്. പാമ്പിനെ കണ്ടെത്തിയാൽ ഫോട്ടോയും സ്ഥലവും സംബന്ധിച്ച വിവരം ആപ്ലിക്കേഷനിലൂടെ കൈമാറണം. ഇത്‌ പാമ്പുപിടിത്തത്തിൽ ശാസ്ത്രീയ പരിശീലനം ലഭിച്ചവർക്ക് നോട്ടിഫിക്കേഷനായി ലഭിക്കും. സന്ദേശം വന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പരിശോധിച്ച് അതിവേ​ഗം റെസ്ക്യൂവർ സ്ഥലത്തെത്തും. ജിപിഎസ് മുഖേനയാണ് ആപ്പിന്റെ പ്രവർത്തനം. പാമ്പിനെ പിടികൂടുന്നതു മുതൽ വിട്ടയയ്ക്കുന്നതുവരെയുള്ള പ്രവർത്തനം സർപ്പയിലൂടെ അറിയാം. ​ഗൂ​ഗിൾപ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി സർപ്പ ഡൗൺലോഡ് ചെയ്യാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top