27 December Friday

വിലക്ക്‌ ലംഘിച്ച്‌ വീണ്ടും 
കോൺഗ്രസ്‌ ഗ്രൂപ്പ്‌ യോഗം

സ്വന്തം ലേഖകൻUpdated: Thursday Aug 8, 2024
തൃശൂർ
വിലക്ക്‌ ലംഘിച്ച്‌ വീണ്ടും കോൺഗ്രസിൽ ഗ്രൂപ്പ്‌ യോഗം. ജോസ്‌ വള്ളൂർ വിഭാഗമാണ്‌ പാണഞ്ചേരിയിൽ  രഹസ്യയോഗം ചേർന്നത്‌. കഴിഞ്ഞയാഴ്‌ച ഇതേ വിഭാഗം ജില്ലാ നേതാക്കൾ തൃശൂർ പേൾ റീജൻസിയിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ ശക്തിയുള്ള മണ്ഡലങ്ങളിൽ യോഗങ്ങൾ ആരംഭിച്ചത്‌.   ജില്ലയിലെ കോൺഗ്രസിലെ  പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഞായറാഴ്‌ച ഡിസിസി നേതൃയോഗം പുത്തൂർ പുഴയോരം ഗാർഡൻസിൽ വിളിച്ചിട്ടുണ്ട്‌.  ഇതിനിടെയാണ്‌ ഗ്രൂപ്പ്‌യോഗങ്ങൾ സജീവമായത്‌. 
   ഡിസിസി സെക്രട്ടറി ജെയ്‌ജു സെബാസ്‌റ്റ്യന്റെ നേതൃത്വത്തിൽ കർഷക കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി  റോയ്‌ കെ  ദേവസിയുടെ വീട്ടിൽ ഗ്രൂപ്പ്‌ യോഗം നടത്തിയതായാണ്‌  എ ഗ്രൂപ്പ്‌ ആരോപണം. ടി എം രാജീവ്‌, അൽജോ ചാണ്ടി, പ്രമോദ്‌ താണിക്കുടം എന്നിവരുടെ നേതൃത്വത്തിലാണ്‌  പാണഞ്ചേരിയിൽ യോഗം ചേർന്നത്‌.  പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ  ഗ്രൂപ്പിന്‌ സീറ്റ്‌ പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ  ഭാഗമായാണ്‌   യോഗം ചേർന്നതെന്നാണ്‌ സൂചന. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട്‌  എ ഗ്രൂപ്പുകാർ കെപിസിസിക്ക്‌ പരാതി  നൽകി. 
      അതേസമയം പുറത്താക്കിയവരെ പാർടി വേദികളിൽ പങ്കെടുപ്പിച്ച്‌ എ ഗ്രൂപ്പുകാർ വിലക്ക്‌ ലംഘിക്കുകയാണെന്നാണ്‌ ഐ ഗ്രൂപ്പ്‌ പരാതി. പാർടിയിൽ നിന്നും സസ്‌പെൻഡ്‌ ചെയ്‌ത ഡിസിസി സെക്രട്ടറി എം എൽ ബേബിയെ  യുഡിഎഫ്‌  ചെയർമാൻ എം എം ഹസനോടൊപ്പം ഉമ്മൻചാണ്ടി അനുസ്‌മരണവേദിയിൽ പങ്കെടുപ്പിച്ചതിനെതിരെ ഐഗ്രൂപ്പും  കെപിസിസിക്ക്‌ പരാതി നൽകിയിട്ടുണ്ട്‌.  ഡിസിസി പ്രസിഡന്റായ ജോസ്‌ വള്ളൂരിനേയും യുഡിഎഫ്‌ ചെയർമാൻ എം പി വിൻസന്റിനേയും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ  തൃശൂരിൽ കെ മുരളീധരന്റെ തോൽവിയെത്തുടർന്ന്‌ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.  വി കെ ശ്രീകണ്‌ഠന്‌ ഡിസിസി പ്രസിഡന്റിന്റെ ചുമതല നൽകിയിരുന്നു. ജില്ലയിൽ ഗ്രൂപ്പ്‌  യോഗങ്ങൾ   കെപിസിസി വിലക്കുകയും ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top