22 November Friday

ഹൈവേ കൊള്ളക്കാർ കുടുങ്ങും: 
തുറക്കുന്നു കാമറക്കണ്ണുകൾ

സ്വന്തം ലേഖകൻUpdated: Sunday Sep 8, 2024
തൃശൂർ
പെറ്റി അടിക്കാനല്ല, ഹൈവേ കൊള്ളക്കാരെ പിടികൂടാൻ  ഇതാ 29 കാമറ കണ്ണുകൾ തുറക്കുന്നു. ദേശീയപാത 544ൽ വാണിയമ്പാറ മുതൽ പാലിയേക്കര ടോൾ വരെ 32 കിലോമീറ്ററിലാണ്‌ കാമറകൾ സ്ഥാപിക്കുന്നത്‌. മോഷണം, തട്ടിക്കൊണ്ടുപോകൽ, മാലിന്യം വലിച്ചെറിയൽ എന്നീ കുറ്റകൃത്യങ്ങൾ കാമറയിൽ കുടുങ്ങും. ഇടിച്ചിട്ട്‌ നിർത്താതെ പോകുന്ന വാഹനങ്ങളും പിടികൂടാം. സിറ്റി പൊലീസ്‌ കമീഷണർ ഓഫീസിലെ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച്‌  24 മണിക്കൂറും നിരീക്ഷിക്കാനും സംവിധാനമുണ്ട്‌. 
മന്ത്രി കെ രാജൻ പ്രത്യേക താൽപ്പര്യമെടുത്ത്‌  ‘സുരക്ഷിത ഇടനാഴി’ പദ്ധതിയിൽ ഉൾപ്പെടുത്തി കേരള റോഡ്‌ സേഫ്‌റ്റി അതോറിറ്റി ഫണ്ട്‌ 1.82 കോടി  ഉപയോഗിച്ചാണ്‌ കാമറകൾ സ്ഥാപിക്കുന്നത്‌. സിറ്റി പൊലീസ്‌ കമീഷണർക്കാണ്‌ നടത്തിപ്പ്‌ ചുമതല. വിദേശ നിർമിത കാമറകളാണ്‌ സ്ഥാപിക്കുക. നമ്പർ പ്ലേറ്റ്‌ അടയാളപ്പെടുത്തുന്ന  22 കാമറകളുണ്ടാവും.  മരത്താക്കര, കുഞ്ഞനംപാറ  ജംങ്‌ഷനുകളിൽ സിഗ്നൽ ലംഘിക്കുന്ന വണ്ടികൾ പിടികൂടാൻ രണ്ട്‌  കാമറ സ്ഥാപിക്കും. അമിത വേഗത അടയാളപ്പെടുത്തുന്ന അഞ്ച്‌ കാമറകൾ ഉൾപ്പടെ 29 കാമറകൾ മുഴുവൻ സമയം പ്രവർത്തിക്കും. സിറ്റി പൊലീസിന്‌ കീഴിൽ നിലവിൽ നഗരത്തിലും പരിസരത്തുമായി  300 കാമറയുണ്ട്‌. 
പെറ്റിക്കേസുകൾ രജിസ്‌റ്റർ ചെയ്യാൻ  ഈ കാമറ പ്രയോജനപ്പെടുത്തില്ല. ദേശീയപാതയിൽ മാലിന്യം തള്ളൽ വ്യാപകമായ സാഹചര്യത്തിൽ മന്ത്രി കെ രാജൻ മുൻകൈയെടുത്ത്‌  ജനപ്രതിനിധികളുടെയും പൊലീസിന്റെയും യോഗം വിളിച്ചിരുന്നു. തുടർന്നാണ്‌ ജനകീയ പങ്കാളിത്തത്തോടെയും എംഎൽഎ ഫണ്ട്‌ പ്രയോജനപ്പെടുത്തിയും കാമറ സ്ഥാപിക്കാൻ ധാരണയായത്‌. പിന്നീട്‌ മുൻ ഗതാഗത മന്ത്രി ആന്റണി രാജുവുമായി സംസാരിച്ച്‌  കേരള റോഡ്‌ സേഫ്‌റ്റി അതോറിറ്റി ഫണ്ട്‌ ഉപയോഗിച്ച്‌ കൂടുതൽ കാമറകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഒല്ലൂർ മണ്ഡലത്തിലെ പ്രധാന പാത പൂർണമായും കാമറക്കണ്ണുകളിലാവും. സുരക്ഷിത യാത്രക്ക്‌ വഴിയൊരുങ്ങും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top