ചേലക്കര
തെരഞ്ഞെടുപ്പിൽ ബിജെപിയെ പോലെ കള്ളപ്പണം ഒഴുക്കുന്ന പാർടിയാണ് കോൺഗ്രസെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് പൈങ്കുളം മേഖലാ തെരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊടകരയിലെ കള്ളപ്പണം വലിയ മഞ്ഞുമലയുടെ ചെറിയൊരറ്റം മാത്രമാണ്. കള്ളപ്പണത്തിന്റെ നാണംകെട്ട കഥകളിൽ പങ്കാളികളാണ് കോൺഗ്രസും ബിജെപിയും. കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് പ്രതിരോധിക്കണം. വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട് വാദ്ര ഇലക്‌ടറൽ ബോണ്ട് വഴി ബിജെപിക്ക് കുറേയേറെ പണം നൽകിയ ആളാണ്. എന്താണ് വാദ്രയ്‌ക്ക് ബിജെപിയോട് ഇത്ര ഇഷ്ടം. മോദിയ്‌ക്ക് ജയിക്കാൻ പണം കൊടുത്ത പാർടിയാണ് കോൺഗ്രസ്. മോദി ഒഴുക്കിയ പണം ഒരുപാട് വാദ്രമാർ നൽകിയതാണ്. വയനാട് ക്യാമ്പിൽ ഒക്ടോബർ 31നും നവംബർ ഒന്നിനും എത്തിച്ചുകൊടുത്ത അരിച്ചാക്കുകൾ ഇന്നോളം പൊട്ടിച്ചിട്ടില്ല. സർക്കാർ നൽകിയ അരിച്ചാക്കുകൾ പൊട്ടിക്കാതെയിരിക്കുമ്പോൾ ആരാണ് പുഴുവുള്ള അരി ചെറിയ പാക്കറ്റുകളാക്കി വിതരണം ചെയ്തതെന്ന് മറച്ചുവെയ്ക്കുകയാണ്. 13ാം തീയതിവരെ ഇത്തരം ഗൂഡാലോചനകൾ ഇനിയുമുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പി നാരായണൻ കുട്ടി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, എ എസ് കുട്ടി, കെ എസ് ഹംസ, വി തങ്കമ്മ, ടി ചന്ദ്രശേഖരൻ, പി കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..