ചേലക്കര
ആവേശത്തീയാണ് ഉള്ളിൽ, അതിനെ വെയിൽച്ചൂടിന് തോൽപ്പിക്കാനാവില്ല. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന് പിന്തുണയുമായി പര്യടന കേന്ദ്രങ്ങളിൽ എത്തിയ ആയിരങ്ങൾ പറയാതെ പറഞ്ഞത് അതാണ്. പണ്ടേ ചേലക്കരയ്‌ക്ക് പ്രദീപ് പ്രിയങ്കരനാണ്. അതുകൊണ്ടുതന്നെ സ്വീകരണകേന്ദ്രങ്ങളിൽ നേരത്തേ എത്തിച്ചേരുന്നത് കേവലം തെരഞ്ഞെടുപ്പ് ചടങ്ങായിട്ടല്ല. അതിനപ്പുറം ഏറെ പ്രിയനായ ഒരാളുടെ സാന്നിധ്യമെത്തുമ്പോഴുള്ള ആഹ്ലാദം കൊണ്ടാണ്. സ്വീകരണകേന്ദ്രങ്ങളിൽ നേരത്തേ എത്താനാകാത്തവർ അനൗൺസ്‌മെന്റ് വാഹനത്തിന്റെ ശബ്‌ദം കേൾക്കുമ്പോഴേക്കും ഓടി വന്ന് കൈവീശും. എങ്ങും കാണുന്നത് വാത്സല്യത്തിന്റെ, സ്‌നേഹത്തിന്റെ, ചിരികൾ. വിജയം സുനിശ്‌ചിതമാക്കുന്ന കാഴ്‌ചകൾ.
മൂന്നാംഘട്ട പര്യടനം വ്യാഴാഴ്‌ച പകൽ വെങ്ങാനെല്ലൂർ ചവതപ്പറമ്പിൽനിന്ന് ആരംഭിക്കവേതന്നെ യുവതീയുവാക്കളുടെ വൻനിര സ്ഥാനാർഥിയെ വരവേറ്റു. രാമൻകുണ്ടും തോന്നൂർക്കരയും പിന്നിട്ട് പര്യടനവാഹനം കുറുമല എൽഐസി പടിയിൽ എത്തവേ കുട്ടികൾ മഞ്ഞപ്പൂക്കൾ സമ്മാനിച്ച് വരവേറ്റു.
ചേലക്കര ഗ്രാമം അങ്കണവാടിയിലെ സ്വീകരണവിവരം അറിഞ്ഞ് വിമുക്ത ഭടന്മാരുടെ സംഘടനാ ഭാരവാഹികളായ എൻ ശിവദാസും മനോജ് തോട്ടത്തിലും എത്തി. വിമുക്ത ഭടന്മാരുടെ നൂറിലേറെ കുടുംബങ്ങൾ താമസിക്കുന്ന തോന്നൂർക്കരയിൽ ശനിയാഴ്‌ച രാവിലെ ഒമ്പതിന് പ്രത്യേകം സ്വീകരണം ഒരുക്കുന്നുവെന്നും എത്തണമെന്നും ആവശ്യപ്പെട്ടപ്പോൾ സ്ഥാനാർഥിക്ക് സമ്മതം.
പ്രദീപ് എംഎൽഎയായിരിക്കേ 27 ലക്ഷം രൂപ ചെലവഴിച്ച് കുടിവെള്ള സംവിധാനമൊരുക്കിയ പത്തുകുടിയിൽ സ്വീകരിക്കാൻ വ്യവസായമന്ത്രി പി രാജീവും ചേർന്നത് ആവേശക്കാഴ്‌ചയായി. അന്തിമഹാകാളൻകാവ് വേലയുടെ നാടും, പുലാക്കോടും പിന്നിട്ട് പങ്ങാരപ്പിള്ളിയിൽ എത്തിയതോടെ ആവേശം ഇരട്ടിച്ചു. കേവലം ഒരു വയസ്സുമാത്രമുള്ള, ചുവപ്പ് ഉടുപ്പും ധരിച്ച് അമ്മ വി പ്രസീതയുടെ ഒക്കത്തിരുന്ന് എത്തിയ പ്രണവ് മുഷ്ടിചുരുട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്‌തു. പ്രദേശത്ത് തിങ്ങിക്കൂടിയവരെല്ലാം മുഷ്ടിചുരുട്ടി ഉയർത്തിപ്പിടിച്ച് അഭിവാദ്യമേകിയത് വേറിട്ട കാഴ്‌ചയായി. ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, നാടൻപാട്ട് കലാകാരൻ എ വി സതീഷ് തുടങ്ങി കലാസാംസ്‌കാരികരംഗത്തെ പ്രമുഖരും സ്വീകരണകേന്ദ്രങ്ങളിലെത്തി.
ചരിത്ര പ്രസിദ്ധമായ കാളിയാറോഡ് ജാറത്തെ കൂട്ടിയിണക്കിയുള്ള ടൂറിസം സർക്യൂട്ടിന് കെ രാധാകൃഷ്‌ണൻ മന്ത്രിയായിരിക്കേ രണ്ടു കോടി രൂപ അനുവദിച്ചെന്നുള്ള ഫ്‌ളക്‌സ് ബോർഡിനു മുന്നിലായിരുന്നു പ്രദീപിന് സ്വീകരണം. കാളിയാ റോഡ് കേന്ദ്ര ജമാത്ത് കമ്മിറ്റി പ്രസിഡന്റ് രാജേഷ്‌ഖാൻ, സി എസ് അബ്ദുൾറഹ്‌മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചുവന്നഷാൾ അണിയിച്ചു. എളനാട് സെന്ററിൽ സ്വീകരണത്തിന് എത്തിയത് യുവതയുടെ നീണ്ടനിര. ഫലവൃക്ഷത്തൈകളും, ജമന്തി, റോസ് തുടങ്ങി പൂച്ചട്ടികളും സമ്മാനിച്ചു. 86 പിന്നിട്ട പുത്തൻവീട്ടിൽ ചേറുകുട്ടി, കുഞ്ഞുനാൾമുതൽ ചുവപ്പുകൊടിയേന്തുന്ന ഭിന്നശേഷിക്കാരനായ മകൻ വേശപ്പൻ, 85 പിന്നിട്ട പുത്തൻവീട്ടിൽ രുഗ്മിണി തുടങ്ങിയവർ ഒന്നര മണിക്കൂർ കാത്തുനിന്നാണ് പ്രദീപിനെ സ്വീകരിച്ചത്. 38 കേന്ദ്രങ്ങളിൽ പര്യടനത്തിന് ശേഷം രാത്രി ഏറെ വൈകി ചേലക്കോട് മുത്തങ്ങാകുണ്ടിൽ പര്യടനം സമാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..