മാള
മാള കുരുവിലശേരി സഹകരണ ബാങ്കിൽ കോൺഗ്രസ് നേതാക്കൾ നടത്തിയത് വൻ സാമ്പത്തിക ക്രമക്കേട്. ഡിസിസി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന എ ആർ രാധാകൃഷ്ണൻ ബാങ്ക് പ്രസിഡന്റായിരുന്ന കാലയളവിലാണ് വൻ വെട്ടിപ്പ് നടത്തിയത്. രാധാകൃഷ്‌ണന്റെയും കുടുംബാംഗങ്ങളുടെയും ചില വ്യക്തികളുടെയും പേരിൽ 18 വായ്‌പകളിലായി 1.80 കോടി രൂപ ബാങ്കിൽ നിന്ന് തട്ടിയെടുത്തു. വായ്‌പകളുടെ ഈട് വസ്‌തുക്കളുടെ ലേല നടപടി നടന്ന ഫയലുകളിൽ 2.75 കോടി ഈടാക്കാൻ കഴിയാത്ത സ്ഥിതിയാണ്. മുതലും പലിശയും അടക്കമാണ് ഈ തുക. ചില ജീവനക്കാരും തട്ടിപ്പിന് കൂട്ടുനിന്നു. 2011 മുതലുള്ള കാലയളവിൽ ബാങ്കിൽ വൻ സാമ്പത്തിക തിരിമറി നടത്തിയതായി സഹകരണവകുപ്പിന്റെ ഓഡിറ്റിങ്ങിൽ കണ്ടെത്തി.
സംഘം അംഗങ്ങളറിയാതെ അവരുടെ പേരിലും വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു. അതിയാരത്ത് രമ്യക്ക് 10 ലക്ഷം രൂപ വായ്‌പ അനുവദിച്ചിട്ടുണ്ട്. ഈ വായ്‌പ സംഖ്യ ചെലവെഴുതി രാധാകൃഷ്ണന്റെ എസ്‌ബി അക്കൗണ്ടിലേക്കാണ് വരവുവച്ചത്. എന്നാൽ വായ്പാ അപേക്ഷയിലും അനുബന്ധ രേഖകളിലും ഒപ്പിട്ടിട്ടില്ലെന്ന് രമ്യ ബാങ്കിന് പരാതി നൽകി. രാധാകൃഷ്‌ണന്റെ മകൻ രാകേഷിന്റെ ഭാര്യ ഷിൻടുവിന്റെ 5.6 ആർ നിലത്തിന്റെ പേരിൽ രമ്യയുടെ പേരിലടക്കം മൂന്നു വായ്പകളിലായി മാനദണ്ഡങ്ങൾ ലംഘിച്ച് 35 ലക്ഷം രൂപയാണ് അനുവദിച്ചത്. മറ്റൊരു ബാങ്ക് അംഗം സനേഷിന്റെ പേരിൽ ഒരു രേഖകളുമില്ലാതെ മൂന്നുലക്ഷം അനുവദിച്ചു. തന്റെ പേരിൽ മറ്റാരോ വായ്‌പ എടുത്തതാണെന്ന് സനേഷ് ഓഡിറ്റർക്ക് മൊഴി നൽകി.
ബാങ്ക് അംഗമായ പ്രദ്യുമ്‌നൻ നാല് ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. ഇയാളുടെ പേരിൽ 20 ലക്ഷം രൂപ വീണ്ടും വായ്‌പ പുതുക്കി. ബാക്കി 15,62,648 രാധാകൃഷ്‌ണന്റെ അക്കൗണ്ടിലേക്ക് മാറ്റി. അധിക വായ്‌പയെടുത്തത് മറച്ചുവച്ചതായി പ്രദ്യുമ്നൻ പരാതിപ്പെട്ടു. ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ വ്യാജരേഖ ചമച്ചതിനും ബാങ്കിനെ വഞ്ചിച്ചതിനും രാധാകൃഷ്‌ണനും ജീവനക്കാരായ കെ ബി സജീവ്, ഡോജോ ഡേവിസ് എന്നിവർക്കുമെതിരെ മാള പൊലീസ് കേസെടുത്തിരിക്കയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..