കൊടകര
കൊടകര കുന്നതൃക്കോവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി ഉത്സവം ആഘോഷിച്ചു.19 സെറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് പൂക്കാവടികളും വർണക്കാവടികളും പീലിക്കാവടികളും ഗോപുരക്കാവടികളും നഗരഗ്രാമ വീഥികൾ കൈയടക്കി. പൂനിലാർക്കാവ് ക്ഷേത്ര മൈതാനിയിൽ കുന്നതൃക്കോവിൽ ക്ഷേത്രത്തിലെ ഷഷ്ഠി ഉത്സവം തിമിർത്താടി.
എരവിമംഗലം
എരവിമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു. രാവിലെ ഒമ്പതേടെ 12 പ്രാദേശിക കാവടി സമാജങ്ങളിൽ നിന്ന് കാവടിയിറങ്ങി. ആയിരങ്ങൾ തിങ്ങി നിറഞ്ഞ ഉത്സവപ്പറമ്പിൽ അമ്പലക്കാവടികളും പൂക്കാവടികളും വർണങ്ങൾ വാരി വിതറി നിറഞ്ഞാടി. നാഗസ്വര, ബാൻഡ്‌സെറ്റ്, ശിങ്കാരിമേള സംഘങ്ങൾ അണിനിരന്നു. ഉത്സവപ്പറമ്പിൽ രാവിലെ 10.15ന് കിഴക്കുമുറി കാവടി സമാജമാണ് ആദ്യം പ്രവേശിച്ചത്. പകല്‍ 1.15ന് ഇളംതുരുത്തി കാവടി സമാജം പകൽ കാവടിയിൽ അവസാനക്കാരായി. 2.10 ന് ക്ഷേത്രം പൂര എഴുന്നള്ളിപ്പോടെ ആനപ്പൂരത്തിന് തുടക്കമായി.
തുടർന്ന് തെക്കുമുറി, വടക്കുമുറി കാവടി സമാജങ്ങളുടെ പൂരങ്ങൾ പഞ്ചവാദ്യത്തോടെ പറമ്പിൽ പ്രവേശിച്ചു. രാത്രി 9 ന് തെക്കു മുറി സമാജത്തിന്റെ കാവടി അദ്യമെത്തി. തുടർന്ന് 11 സംഘങ്ങൾ ഷഷ്ഠിപ്പറമ്പിൽ വർണ നാദവിസ്മയം തീർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..