ചാലക്കുടി
കേരളത്തിന്റെ റെയിൽവേ മേൽപ്പാലങ്ങളുടെ കണക്ക് പരിശോധിച്ചാൽ ഒരു സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ റെയിൽവേ ഓവർ ബ്രിഡ്ജ് പൂർത്തീകരിക്കുന്നത് ഈ സർക്കാരിന്റെ കാലത്താണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിൽ ആർബിഡിസികെ പൂർത്തിയാക്കുന്ന ആറാമത്തെ പാലമാണ് ചിറങ്ങരയിലേത്.
റോഡുകളുടേയും പാലങ്ങളുടേയും നിർമാണം പൂർത്തിയാകുന്നതോടെ വലിയ വികസനമാണ് നാട്ടിലുണ്ടാകുക–-മന്ത്രി പറഞ്ഞു. സനീഷ്‌കുമാർ ജോസഫ് എംഎൽഎ അധ്യക്ഷനായി. ബെന്നി ബെഹനാൻ എംപി, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, ആർബിഡിസികെ മാനേജിങ് ഡയറക്ടർ എസ് സുഹാസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
കിഫ്ബിയില്‍ നിന്നുള്ള 20 കോടിയുപയോഗിച്ചാണ് നിർമാണം. എസ്പിഎൽ ഇൻഫ്ര സ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കരാറെടുത്തത്. 298 മീറ്റർ നീളത്തിൽ രണ്ട് ലൈൻ റോഡും ഫുട്ട്പാത്തും ഉൾപ്പെടെ 10.15 മീറ്റർ വീതിയിലാണ് മേൽപ്പാലം നിർമിച്ചിരിക്കുന്നത്. മേൽപാലത്തിന് പുറമെ റോഡിന് ഇരുവശത്തും ഫുട്ട്പാത്തോടുകൂടിയ സർവീസ് റോഡുകളും നിർമിച്ചിട്ടുണ്ട്. സെൻട്രലൈസ്ഡ് സോളാർ പാനലുകളും ബാറ്ററികളും ഉപയോഗിച്ചുള്ള ലൈറ്റിങ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..