18 December Wednesday

കഞ്ചാവ് മൊത്തവിൽപ്പനക്കാരായ യുവാക്കൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 9, 2020
തൃശൂർ
യുവതികൾക്കും കുട്ടികൾക്കും കഞ്ചാവും താമസസ്ഥലവും ഒരുക്കികൊടുക്കുന്ന ജില്ലയിലെ കഞ്ചാവ് മൊത്ത വിൽപ്പനക്കാരായ രണ്ടു യുവാക്കളെ എക്സൈസ് സംഘം നഗരത്തിൽ നിന്ന്‌ പിടികൂടി. തൃശൂർ പള്ളിമൂല സ്വദേശി പി എം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിഷ്ണു (25), കോലഴി സ്വദേശി കൃഷ്ണമൂർത്തി (27) എന്നിവരെയാണ്  തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹരിന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പടിഞ്ഞാറെകോട്ടയിൽ നിന്ന്‌ അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് രണ്ടര കിലോ കഞ്ചാവും ബൈക്കും പിടികൂടി.
ജനുവരിയിൽ  നടത്തറയിൽ നിന്നും കഞ്ചാവ് പ്രതികളെ അറസ്റ്റു ചെയ്യുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥർക്കു നേരെ തോക്ക് ചൂണ്ടിയും കത്തി കാണിച്ചും റോട്ട് വീലർ നായ്ക്കളെ അഴിച്ചുവിട്ടും രക്ഷപ്പെടാൻ ശ്രമിച്ച കേസിന്റെ അന്വേഷണത്തിനിടയിലാണ് കഞ്ചാവ് മൊത്തവിൽപ്പനക്കാരെ പിടികൂടിയത്. തൃശൂർ കൈനൂർ ചിറയിൽ കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന അഞ്ച് യുവാക്കളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ജില്ലയിൽ കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന യുവാക്കളെക്കുറിച്ച് എക്സൈസ് സംഘത്തിന് വിവരം ലഭിച്ചത്‌. പിടിയിലായ ശേഷം പ്രതികളുടെ ഫോണിലേക്ക് വന്ന കോളുകൾ ഏറെയും കഞ്ചാവ്‌ ആവശ്യപ്പെട്ടിട്ടുള്ള യുവതികളായിരുന്നു. കോഡ് ഭാഷയുപയോഗിച്ചായിരുന്നു വിൽപ്പന. 
പലരും കഞ്ചാവ് വലിച്ച ശേഷം വീട്ടിൽ പോകാൻ സാധിക്കാത്തതിനാൽ താമസിക്കാനുള്ള സ്ഥലവും യുവാക്കൾ ഒരുക്കി കൊടുക്കുമായിരുന്നു. ജോയിന്റ്‌, ഹാൾട്ട് എന്നീ കോഡുകളുപയാഗിച്ചാണ് ഇത്തരം ആവശ്യങ്ങൾ കൈമാറിയിരുന്നത്. സ്കോർ, ജോയിന്റ്‌, പോസ്റ്റ് എന്നീ കോഡുകൾ അറിയാമെങ്കിലും ഹാൾട്ട് എന്ന കോഡ് ആദ്യമായാണ് കേൾക്കുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. പ്രതികളെ പിടികൂടിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ശിവശങ്കരൻ, സതീഷ്‌കുമാർ, സജീവ്, ഓഫീസർമാരായ എം കെ കൃഷ്ണപ്രസാദ്, ടി ആർ സുനിൽ, മനോജ്കുമാർ, സനീഷ്‌കുമാർ, ജെയ്സൺ ജോസ്, ജോസഫ്, ഷാജു ദേവദാസ്, മനോജ് എന്നിവരുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top