22 December Sunday
സമ​ഗ്ര ശിക്ഷ കേരള ഹെല്‍പ്പിങ് ഹാന്‍ഡ്

കുട്ടികള്‍ക്ക് പ്രധാന 
വെല്ലുവിളി ഭാഷ

എ എസ് ജിബിനUpdated: Friday Aug 9, 2024
തൃശൂർ 
പഠന പരിപോഷണ പരിപാടിയുടെ ഭാ​ഗമായി സമ​ഗ്രശിക്ഷ കേരളം സ്കൂളുകളിൽ നടപ്പാക്കുന്ന ഹെൽപ്പിങ് ഹാൻഡ്  പുരോ​ഗമിക്കുമ്പോൾ കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ഭാഷ വിഷയങ്ങളിലാണെന്ന് വിലയിരുത്തൽ.  ​​ഭാഷ വിഷയങ്ങൾ കഴിഞ്ഞാൽ  ഗണിതമാണ് കുട്ടികളെ വലയ്ക്കുന്നത്‌.
   അഞ്ചുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾ ഭാഷവിഷയങ്ങൾ, സാമൂഹ്യശാസ്ത്രം, ശാസ്ത്രം, ​ഗണിതം എന്നിവയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്ന പദ്ധതിയാണ് ഹെൽപ്പിങ് ഹാൻഡ്. മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി  ജൂലൈയിലാണ് ആരംഭിച്ചത്. നവംബറിൽ അവസാനിക്കും.
സ്കൂളിന്റെ പൊതുവായ അക്കാദമിക വെല്ലുവിളിയും കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തേണ്ട മേഖലയുമാണ് ഹെൽപ്പിങ് ഹാൻഡിൽ നിർണയിക്കുന്നത്. ഇത് കണ്ടെത്താൻ പ്രീ ടെസ്റ്റ് നടത്തുകയോ സമ​ഗ്രവും നിരന്തരവുമായ മൂല്യനിർണയ ഫലങ്ങൾ പരിശോധിക്കുകയോ ആവാം. മുൻവർഷം നടന്ന വാർഷിക പരീക്ഷയിലെയോ മറ്റുപരീക്ഷയിലെയോ പ്രകടനം വിലയിരുത്തിയും മെച്ചപ്പേടേണ്ട മേഖലകൾ കണ്ടെത്താം. ഇതിനുശേഷം സ്കൂൾ അഭിമുഖീകരിക്കുന്ന പ്രധാന അക്കാദമിക പ്രശ്നം കണ്ടെത്തണം. ഈ പ്രശ്നവും പരിഹാര മാർ​ഗങ്ങളും ഉൾക്കൊള്ളിച്ച് പ്രോജക്ടായി സമ​ഗ്രശിക്ഷ കേരളത്തിന് സമർപ്പിക്കണം. ഇത് സിആർസി, ബിആർസി തലത്തിൽ നടക്കുന്ന ശിൽപ്പശാലയിൽ അവതരിപ്പിക്കും.  
 തെരഞ്ഞെടുത്ത മൂന്ന് പ്രോജക്ടുകൾക്ക് ബിആർസി തലത്തിൽ ഫണ്ട് അനുവദിക്കും. സ്കൂളുകളിൽ പദ്ധതി നടപ്പാക്കാൻ സിആർസിമാരുടെയും ട്രെയിനർമാരുടെയും സഹായം തേടാം.  
സ്കൂളുകളിൽ തയ്യാറാക്കിയിട്ടുള്ള അക്കാദമിക മാസ്റ്റർ പ്ലാൻ മുൻനിർത്തി പഠനലക്ഷ്യങ്ങൾക്ക് ഊന്നൽ നൽകിയാണ് പ്രോജക്ട് അവതരിപ്പിക്കേണ്ടത്.
   തൃശൂർ ജില്ലയിലെ അന്തിക്കാട്, ചാലക്കുടി, ചാവക്കാട്, ചേർപ്പ്, ചൊവ്വന്നൂർ, ഇരിങ്ങാലക്കുട, കൊടകര, കൊടുങ്ങല്ലൂർ, മാള, മതിലകം, മുല്ലശേരി, ഒല്ലൂക്കര,പഴയന്നൂർ, പുഴയ്ക്കൽ, തളിക്കുളം, യുആർസി തൃശൂർ, വെള്ളാങ്ങല്ലൂർ, വടക്കാഞ്ചേരി എന്നീ ബിആർസികളിലായി  425 എലിമെന്ററി സ്കൂളിലും  238 സെക്കൻഡറി സ്കൂളുകളിലും 197 ഹയർസെക്കൻഡറി സ്കൂളുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. 
 നിലവിൽ 408 എലിമെന്ററി സ്കൂളുകളുകളും  233 സെക്കൻഡറി സ്കൂളുകളും 144 ഹയർസെക്കൻഡറി സ്കൂളുകളും  പ്രൊജക്ട് സമർപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top