പുത്തൂർ
പുതുതായി നിർമിക്കുന്ന പുത്തൂരിലെ സമാന്തര പാലത്തിന്റെ നിർമാണം ടെൻഡർ നടപടിയിലേക്ക് കടന്നതായി മന്ത്രി കെ രാജൻ അറിയിച്ചു. 26 വരെയാണ് ടെൻഡർ സ്വീകരിക്കുക. 28ന് ടെൻഡർ തുറക്കും. പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള കുട്ടനെല്ലൂർ - പുത്തൂർ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള പാലത്തിന് സമാന്തരമായി മറ്റൊരു പാലം നിർമിക്കുന്നത്. 10.5 കോടി രൂപയാണ് നിർമാണത്തിന് അനുവദിച്ചിട്ടുള്ളത്.
പ്രദേശവാസികളുടെ ദീർഘ കാലത്തെ സ്വപ്നമായിരുന്നു പുത്തൂർ റോഡ് വികസനം. കുട്ടനെല്ലൂർ മുതൽ പയ്യപ്പിള്ളി മൂല വരെയുള്ള റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരത്തുക നൽകി.
ഭൂമി ഏറ്റെടുക്കൽ നടപടി അന്തിമ ഘട്ടത്തിലാണ്. 9.55 മീറ്റർ വീതിയിലും 45 മീറ്റർ നീളത്തിലുമാണ് പാലം നിർമിക്കുന്നത്. ടെൻഡർ പൂർത്തീകരിച്ച് ഉടൻ നിർമാണ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..