ഇരിങ്ങാലക്കുട
കവി കെ സച്ചിദാനന്ദന് സഹയാത്രികരും ശിഷ്യരും സഹപ്രവർത്തകരും നൽകിയ സ്നേഹാദരം ‘സച്ചിദാനന്ദം’ കാവ്യോത്സവം സമാപിച്ചു. മലയാളിയുടെ എഴുത്തിനെ ലോകസാഹിത്യത്തോളം എത്തിച്ച സച്ചിദാനന്ദൻ അധ്യാപന ജീവിതത്തിന്റെ 22 വർഷങ്ങൾ ചെലവഴിച്ച ക്രൈസ്റ്റ് കലാലയത്തിലാണ് പരിപാടി നടന്നത്. പരിപാടി ആദരവിന്റെയും സച്ചിദാനന്ദന്റെ എഴുത്ത് ജീവിതത്തിന്റെയും സമഗ്രമായ പഠനങ്ങളുടെയും വേദിയായി മാറി.
സമാപനച്ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ എം മുകുന്ദൻ, സാറ ജോസഫ്, സുനിൽ പി ഇളയിടം, കെ വി രാമകൃഷ്ണൻ, അശോകൻ ചരുവിൽ, ടി ഡി രാമകൃഷ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മന്ത്രി ആർ ബിന്ദു അധ്യക്ഷയായി.
ഡൽഹിയിൽ ദളിത് ശബ്ദങ്ങൾക്ക് ഇടം ലഭിച്ചത് സച്ചിദാനന്ദൻ കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറിയായി വന്നപ്പോഴാണെന്നും ഫാസിസത്തിനും അനീതിക്കുമെതിരെ നിരന്തരമായി ശബ്ദിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതായി എം മുകുന്ദൻ പറഞ്ഞു. ജനറൽ കൺവീനർ ഡോ. സി രാവുണ്ണി, അശോകൻ ചരുവിൽ, കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ്, മാനേജർ ഫാ. ജോയ് പീനിക്കപ്പറമ്പിൽ, കരിവെള്ളൂർ മുരളി, മുരളി വെട്ടത്ത്, വിജയരാജമല്ലിക, ഷീജ വക്കം എന്നിവർ സംസാരിച്ചു. സച്ചിദാനന്ദന്റെ മൂന്ന് പുസ്തകങ്ങൾ മന്ത്രി ആർ ബിന്ദു, സി പി അബൂബക്കർ, എം മുകുന്ദൻ എന്നിവർ പ്രകാശിപ്പിച്ചു. കാവ്യോത്സവത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് അവാർഡുകളും സമ്മാനിച്ചു. കാവ്യസംവാദത്തിൽ പി എൻ ഗോപീകൃഷ്ണനും കാവ്യമഴയിൽ പ്രൊഫ. വി ജി തമ്പിയും അധ്യക്ഷരായി.
സച്ചിദാനന്ദനും എം സ്വരാജും പങ്കെടുത്ത ‘സ്നേഹസംവാദം’ കവിയുടെയും കാലത്തിന്റെയും കാഴ്ചപ്പാടുകൾ പങ്കുവച്ചു. സച്ചിദാനന്ദൻ അസാധാരണമായ ശുഭാപ്തിവിശ്വാസമുള്ള കവിയാണെന്ന് എം സ്വരാജ് പറഞ്ഞു. മന്ത്രി ബിന്ദുവും പങ്കെടുത്തു.
ദീപ രാജ് സ്വാഗതകാവ്യം ആലപിച്ചു. റഷീദ് കാറളം, മുരളി നടയ്ക്കൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..