തൃശൂർ
തൃശൂർ ജില്ലാ ആഭരണ നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ലേബർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. തൊഴിലും കൂലിയും സംരക്ഷിക്കുക, ജ്വല്ലറി ഉടമകളിൽ നിന്ന് സെസ് പിരിച്ചെടുത്ത് ആഭരണ നിർമാണ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, പണിക്കൂലി ഇല്ലാതെ ആഭരണങ്ങൾ വിൽക്കുന്നതിന് പിന്നിലെ തട്ടിപ്പ് തടയാൻ സർക്കാർ നടപടി സ്വീകരിക്കുക, തൊഴിലിടങ്ങളിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി തൊഴിൽ സുരക്ഷിതത്വവും നിയമ സംരക്ഷണവും ഉറപ്പുവരുത്തുക, ബാങ്കുകളിലെ അപ്രൈസർമാർക്ക് മിനിമം വേതനം നടപ്പാക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി ചന്ദ്രൻ അധ്യക്ഷനായി. ഫെഡറേഷൻ വൈസ് പ്രസിഡന്റ് കെ ബി സുകുമാരൻ, യൂണിയൻ ജില്ലാ സെക്രട്ടറി പി ബി സുരേന്ദ്രൻ, സോഫി ഫാൻസിസ്, ശ്യാമള വേണുഗോപാൽ, ഇ എൻ രാധാകൃഷ്ണൻ, സി എൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..