ചേലക്കര
‘കാഴ്‌ചയൊക്കെ കുറവാ... എന്നാലും ഒന്ന് കാണണമെന്നുണ്ടായിരുന്നു. കണ്ടു, സന്തോഷമായി. ഒന്നും പേടിക്കണ്ട, നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും’–- പ്രായത്തിന്റെ അവശതകൾ അവഗണിച്ചെത്തിയ ഹുസൈനിക്ക, യു ആർ പ്രദീപിനെ ചേർത്തു പിടിച്ച് പറഞ്ഞു. പൈങ്കുളം റെയിൽവേ ഗേറ്റ് അടച്ചിരുന്നതിനാൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ പര്യടന വാഹനം അവിടെ നിർത്തി. അവിടെ സ്വീകരണ കേന്ദ്രമുണ്ടായിരുന്നില്ലെങ്കിലും അതൊരു സ്വീകരണ കേന്ദ്രമായി മാറി. സമീപത്തെ ഹോട്ടലുകാരൻ ചായയുമായെത്തി. ഗേറ്റ് അടച്ചതിനെ തുടർന്ന് നിർത്തിയ വാഹനങ്ങളിലുള്ളവർ വർത്തമാനം പറയാനും സൗഹൃദം പുതുക്കുവാനും സ്ഥാനാർഥിക്ക് അരികിലേക്ക്. അതിനിടയിലാണ് ഹുസൈൻ യു ആർ പ്രദീപിനെ കാണാനെത്തിയത്. തെഞ്ചേരിയിൽ സ്വീകരണത്തിനെത്തിയ ഗംഗാധരനോട് മകൾ സുചിത്രയുടെ കല്യാണത്തിന് വരാൻ കഴിയാതെയിരുന്നതിൽ പരിഭവമില്ലല്ലോ എന്ന് ചോദിച്ചാണ് പ്രദീപ് സംസാരിച്ച് തുടങ്ങിയത്. ഇങ്ങനെ ചെല്ലുന്ന ഇടങ്ങളിലെല്ലാം ആളുകളോട് സംസാരിച്ചും കാര്യങ്ങൾ അന്വേഷിച്ചുമാണ് പര്യടനം. ഉണ്ടിക്കലിൽ സ്‌ത്രീകളടങ്ങുന്ന വലിയ സംഘമാണ് സ്വീകരണത്തിന് നേതൃത്വം നൽകിയത്. പോകാൻ നേരം പലർക്കും സെൽഫിയെടുക്കണം. സമയക്കുറവിൽ നമുക്ക് ‘ഗ്രൂപ്പി’യാകാമെന്നായി. ഖാദി നെയ്‌ത്ത് കേന്ദ്രത്തിലെത്തിയ സ്ഥാനാർഥിക്ക് കൈത്തറി മുണ്ട് നൽകിയാണ് തൊഴിലാളികൾ സ്വീകരിച്ചത്. ‘ഈ മുണ്ട് ഉടുത്ത് വേണം ജയിച്ച ശേഷം നിമയസഭയിൽ സത്യപ്രതിജ്ഞയ്‌ക്ക് പോകാൻ’ എന്ന സ്‌നേഹാഭ്യർഥനയും. ദേശമംഗലം കൊട്ടിപ്പാറയിൽ നിന്ന് പര്യടനം ആരംഭിച്ചത് മുതൽ വോട്ടർമാരുടെ സ്‌നേഹം നിറഞ്ഞ വരവേൽപ്പ് ഏറ്റുവാങ്ങി പര്യടനം കറ്റുവട്ടൂരിൽ സമാപിച്ചു. 30 കേന്ദ്രങ്ങളിൽ പര്യടനം നടത്തി. കെ കെ മുരളീധരൻ, എം ജെ ബിനോയ് , ടി വൈ അഷറഫ്, റോസ്‌ലി , പി എൻ സുരേന്ദ്രൻ, കെ കെ ബാബു, കെ വി നഫീസ , കെ ജി സുരേഷ് ബാബു, പി ബി മനോജ്, ടി എച്ച് അബ്ദുൾ റഹ്മാൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..