മാള
കോൺഗ്രസ് ഭരിക്കുന്ന കുരുവിലശേരി സർവീസ് സഹകരണ ബാങ്കിൽ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലും വായ്‌പകളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഈടു നൽകിയ ഭൂമിക്ക് സഹകരണ വകുപ്പ് മാനദണ്ഡപ്രകാരം വസ്‌തുവിന്റെ മതിപ്പുവിലയുടെ പകുതി സംഖ്യമാത്രമേ വായ്‌പ അനുവദിക്കാവൂ. ഇത് ലംഘിച്ച് കോടികൾ വായ്‌പ നൽകിയതായാണ് കണ്ടെത്തിയത്. ഇതിൽ കമീഷൻ പറ്റിയതായി കോൺഗ്രസിലെ ഒരു വിഭാഗം ആരോപിച്ചിരുന്നു. നിയമവിരുദ്ധ നിയമനങ്ങളുടെ പേരിലും കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയതായി ആക്ഷേപമുണ്ട്.
കോൺഗ്രസ് നേതാവ് എ ആർ രാധാകൃഷ്ണൻ പ്രസിഡന്റായിരുന്ന കാലത്താണ് വൻ ക്രമക്കേട് നടന്നത്. 20 ലക്ഷം വീതം മൂന്നു വായ്‌പകളിലായി 60 ലക്ഷം അനുവദിച്ച ഫയലിൽ വസ്‌തുവിന്റെ മതിപ്പു വിലപോലും രേഖപ്പെടുത്തിയിട്ടില്ല. വസ്‌തു ഉടമയെ വായ്‌പയിൽ കക്ഷി ചേർത്തിട്ടില്ല. മറ്റൊരു വസ്‌തു ഈടായി സ്വീകരിച്ച് ആറുപേർക്ക് 20 ലക്ഷം രൂപ അനുവദിച്ചു. ഈട് വസ്‌തുവിന് 1,62,40,000 രൂപയാണ് മതിപ്പുവില കാണിച്ചിരിക്കുന്നത്. ഇതിന്റെ പകുതി സംഖ്യയായ 81,20,000 രൂപയേ വായ്‌പ അനുവദിക്കാവൂ എന്നാണ് നിയമം. എന്നാൽ 1,20,00000 രൂപ വായ്‌പ അനുവദിച്ചു.
വഴിയില്ലാത്ത ഭൂമിക്ക് വായ്‌പ നൽകാൻ പാടില്ല. എന്നാൽ വഴിയില്ലാത്ത നിലം ഈടായി സ്വീകരിച്ച് ലക്ഷങ്ങൾ വായ്‌പകൾ നൽകി. ഒരേ സർവ നമ്പറിലുള്ള ഒരേ ഭൂമിക്ക് മതിപ്പുവില അധികമായി രേഖപ്പടുത്തി വായ്‌പകൾ അനുവദിച്ചു. ആദ്യം സെന്റിന് 15000 രൂപ നിശ്ചയിച്ചപ്പോൾ മറ്റൊരു വായ്‌പക്ക് സെന്റിന് 20000 രൂപയായി വർധിപ്പിച്ച് വായ്‌പ നൽകി. പല വായ്‌പകളിലും വസ്‌തു പരിശോധനാ റിപ്പോർട്ടും ലീഗൽ അഡ്വൈസറുടെ റിപ്പോർട്ടുമില്ല. ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തും മാനദണ്ഡങ്ങൾ ലംഘിച്ച് വായ്‌പകൾ നൽകിയതായും സഹകരണവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി. ബാങ്കിൽ നടത്തിയ ക്രമക്കേടുകളുടെ പേരിൽ സെക്രട്ടറി നൽകിയ പരാതിയിൽ മുൻ ബാങ്ക് പ്രസിഡന്റ് എ ആർ രാധാകൃഷ്ണനെതിരെ മാള പൊലീസ് കേസെടുത്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..