18 September Wednesday

ഗ്രാമികയൊരുക്കും തുമ്പച്ചേല്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024
മാള 
തുമ്പപ്പൂവിൻ നൈർമല്യമാണ്‌ ഓണമെന്ന കവിവാക്യം ഓർത്ത്‌ പോകും ഗ്രാമികയുടെ മുറ്റത്തെത്തിയാൽ. പൂത്തുലഞ്ഞ് നിൽക്കുന്ന തുമ്പപ്പൂക്കളുടെ കാഴ്‌ച ഏതൊരു മലയാളിയുടെയും മനസ്സുകുളിർപ്പിക്കുന്നതാണ്‌. നട്ടുവളർത്തുന്നതല്ല. താനെ മുളക്കുന്നവയെ പറിച്ചു കളയാതെ ഗ്രാമിക സംരക്ഷിക്കുകയാണ്. 
 അഞ്ച്‌ വർഷം മുമ്പ് പൂക്കള മത്സരത്തിന് കുട്ടികൾ കൊണ്ടുവന്ന തുമ്പപ്പൂക്കളുടെ വിത്തുകൾ മുളച്ചുണ്ടായവയാണിത്‌. വിരലിലെണ്ണാവുന്ന തൈകൾ നനച്ച് പരിപാലിച്ച് നിർത്തിയതിൽനിന്നാണ് ഇപ്പോൾ മുറ്റം നിറഞ്ഞുനിൽക്കുന്ന തുമ്പത്തോട്ടത്തിന്റെ തുടക്കം. തുമ്പ മാത്രമല്ല മുക്കുറ്റിയും നിലപ്പനയും ഇതുപോലെ സംരക്ഷിക്കപ്പെടുന്നുണ്ട്. മുൻവശത്തെ വഴിയരികിൽ വിവിധ വർണങ്ങളിലെ രാജമല്ലിയും പവിഴമല്ലിയും അശോക മല്ലിയും മന്ദാരവും നിറവിസ്‌മയം തീർക്കുന്നു.
  20 വർഷങ്ങൾക്കു മുമ്പ് ഗ്രാമിക തുടക്കം കുറിച്ച നാട്ടുപൂക്കള മത്സരം ഇന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലേയ്ക്ക് വ്യാപിച്ചിരിക്കുന്നു. കമ്പോളങ്ങളിൽനിന്നുള്ള പൂക്കൾ തീർത്തും ഒഴിവാക്കി, നാട്ടുപൂക്കൾ ഉപയോഗിച്ച്‌ അതും ഇതളുകൾ അടർത്താതെയും അരിഞ്ഞിടാതെയും പൂർണ രൂപത്തിൽ മാത്രം ഉപയോഗിച്ചാണ് ഗ്രാമികയിൽ  കളങ്ങളൊരുക്കുന്നത്. 
35 ഇനം നാട്ടുപൂക്കൾ ഉപയോഗിച്ചുള്ള പൂക്കളങ്ങൾ വരെ കഴിഞ്ഞ വർഷങ്ങളിലെ മത്സരത്തിലുണ്ടായിരുന്നു. 150ൽ പരം പൂക്കൾ പ്രദർശിപ്പിച്ച് നടത്തി വരുന്ന പൂക്കളെ തിരിച്ചറിയൽ മത്സരത്തിൽ കഴിഞ്ഞ വർഷം 51 ഇനം പൂക്കളെ തിരിച്ചറിഞ്ഞ കുട്ടിയാണ് ഒന്നാം സമ്മാനം നേടിയത്. സെപ്തംബർ 18നാണ്‌ ഈ വർഷത്തെ നാട്ടുപൂക്കള മത്സരം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top