21 November Thursday

വീണ്ടും സ്‌ക്രീനിൽ

സ്വന്തം ലേഖകൻUpdated: Tuesday Sep 10, 2024

അരിമ്പൂർ ടാക്കീസിൽ ആദ്യ സിനിമയുടെ പ്രദർശനത്തിനെത്തിയവർ

അരിമ്പൂർ
ആദ്യകാല  മലയാള സിനിമകൾ ഒരുമിച്ചിരുന്ന്‌  കാണണോ...എങ്കിൽ വരൂ,  അരിമ്പൂരിലേക്ക്‌. പഴയ തലമുറയെ  സിനിമാ കൊട്ടകയിലിരുന്ന്‌  സ്വപ്‌നം കാണിക്കുകയും കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്‌ത സിനിമകൾ ഒരുമിച്ചിരുന്ന്‌ കാണാനുള്ള അവസരമാണ്‌ അരിമ്പൂരിലെ സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ തുടങ്ങിയ   ‘അരിമ്പൂർ ടാക്കീസി’ൽ ഒരുക്കിയത്‌. 
  പഴയ തലമുറയിലുള്ളവർക്ക്‌ ഗൃഹാതുരതയുണർത്തുന്ന അനുഭവവും പുതിയ തലമുറയ്‌ക്ക്‌ പഴയ ജീവിത പരിസരങ്ങളെ അടുത്തറിയാനുമുള്ള അവസരവുമാണ്‌ ഇതോടെ ലഭിച്ചത്‌.   വെള്ളിത്തിരയിൽ നായകനും നായികയും പാട്ടു പാടുമ്പോൾ ഏറ്റുപാടിയിരുന്ന ഒരു കാലത്തിന്റെ   ഓർമകളെ തിരിച്ചുപിടിക്കുകയാണ്‌ അരിമ്പൂരുകാർ.   
  അരിമ്പൂർ ടാക്കീസിന്റെ നേതൃത്വത്തിൽ  ആദ്യ സിനിമയുടെ പ്രദർശനം നടത്തി.  പി ജെ ആന്റണി കഥയെഴുതി കെ ജി ജോർജ് സംവിധാനം ചെയ്ത ‘കോലങ്ങൾ ' ആണ്‌  പ്രദർശിപ്പിച്ചത്‌.    അരിമ്പൂരിലെ ഹാളിൽ സ്ക്രീനിൽ ഡിജിറ്റൽ പ്രൊജക്ടർ ഉപയോഗിച്ചാണ് പ്രദർശനം. 
മാസത്തിൽ ഒരു സിനിമ വീതം ഒരു വർഷം സിനിമകൾ പ്രദർശിപ്പിക്കും.  ഒരുമിച്ചിരുന്ന് കാണുക മാത്രമല്ല,  സിനിമകളെക്കുറിച്ച്‌  സംവാദങ്ങളും സംഘടിപ്പിക്കുന്നുണ്ട്‌. 150 ഓളം പേരടങ്ങുന്ന കൂട്ടായ്മയാണ് പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്.   കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’    അടുത്ത സിനിമയായി പ്രദർശിപ്പിക്കും. പാദമുദ്ര, അരനാഴിക നേരം, ന്യൂസ് പേപ്പർ ബോയ്, മൂലധനം, ദൈവത്തിന്റെ വികൃതികൾ, കൊടിയേറ്റം, കുമ്മാട്ടി തുടങ്ങിയ ചിത്രങ്ങൾ വീണ്ടും ആസ്വാദകർക്ക് മുന്നിലെത്തും. കെ എസ് സേതുമാധവൻ, പി ഭാസ്കരൻ, എ വിൻസെന്റ്‌, അടൂർ ഗോപാലകൃഷ്ണൻ, ജി അരവിന്ദൻ, രാമു കാര്യാട്ട് തുടങ്ങിയ അതുല്യ സംവിധായകരുടെ ചിത്രങ്ങൾ  പ്രദർശിപ്പിക്കും. 
സിനിമാ പ്രദർശനം അരിമ്പൂർ  പഞ്ചായത്ത് പ്രസിഡന്റ്‌  സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു.  വി കെ ശശികുമാർ അധ്യക്ഷനായി. ഐ ഷൺമുഖദാസ്,   സംവിധായകൻ കെ  ഗോപിനാഥൻ, ജിജോ നീലങ്കാവിൽ, ദീപേഷ് തുടങ്ങിയവർ ആദ്യ പ്രദർശനത്തിനെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top