21 December Saturday

ജീവനും ജീവിതത്തിനും കൈത്താങ്ങ്‌

കെ എ നിഥിൻനാഥ്‌Updated: Tuesday Sep 10, 2024

പരാതിയ്ക്ക് പരിഹാരമായതോടെ മന്ത്രി എം ബി രാജേഷിനോട് നന്ദി പറയുന്ന കടുപ്പശേരി സ്വദേശി കെ എൽ പോൾ

തൃശൂർ
പോളിന്റെ പ്രതീക്ഷകളെയാണ്‌ 2018 ലെ പ്രളയം കവർന്നത്‌. ജീവനോപാധിയ്ക്കായി തുടങ്ങിയ ടിഷ്യൂ പേപ്പർ നിർമാണ യൂണിറ്റ്  പ്രളയത്തിൽ നശിച്ചു. വീണ്ടും തുടങ്ങാനും തിരികെ വരാൻ ആർജവം ഉണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക്‌ തടസ്സമായി. ഇതിനിടെ ബ്രെയിൻ ട്യൂമറും വന്നു. സാമ്പത്തികമായും മാനസികമായും തളർന്ന പോൾ ജീവനും ജീവിതവും തിരികെ പിടിക്കാനുള്ള വഴി തേടിയാണ്‌  തദ്ദേശ അദാലത്തിൽ എത്തിയത്‌. ഭാര്യ സബിതയ്‌ക്കൊപ്പം എത്തിയ ഇരിങ്ങാലക്കുട വേളൂക്കര സ്വദേശി കെ എൽ പോൾ നഷ്ടമായ പ്രതീക്ഷകളെല്ലാം തിരിച്ചുകിട്ടിയ സന്തോഷത്തോടെയാണ്‌ മടങ്ങിയത്‌.ഒരു മണിക്കൂറോളമാണ്‌ മന്ത്രി എം ബി രാജേഷ്‌  ഇവരുടെ പരാതി കേട്ടത്‌.  വ്യവസായം വീണ്ടും തുടങ്ങാനും ചികിത്സ ഉറപ്പാക്കാനുമുള്ള ഇടപെടൽ നടത്തി. മന്ത്രി പി രാജീവ്‌, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, വ്യവസായ വകുപ്പ് പ്രതിനിധികൾ എന്നിവരുമായി ഫോണിലൂടെ ചർച്ച നടത്തിയാണ്‌ തീരുമാനമെടുത്തത്‌. യൂണിറ്റ്‌ വീണ്ടും തുടങ്ങാൻ വ്യവസായ വകുപ്പിൽ നിന്നുള്ള സബ്സിഡിയും  ഇൻഷുറൻസും  ലഭ്യമാക്കും. 
     മേലൂർ പഞ്ചായത്തിൽ നടത്തിവന്ന സ്ഥാപനം വേളൂക്കരയിൽ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്നതിന്  ഉടമസ്ഥാവകാശം ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് വായ്പ ലഭിക്കുന്നതിനും യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നതും തടസ്സമായത്‌. 2018ലെ പ്രളയത്തിൽ കിട്ടേണ്ട ഇൻഷുറൻസ് തുകയും ലഭിച്ചില്ല. പോളിന്‌ കാരുണ്യയിൽ ഉൾപ്പെടുത്തി ചികിത്സ നൽകാനും തീരുമാനിച്ചു. തീരുമാനങ്ങൾ നടപ്പാക്കുന്നത് നിരീക്ഷിക്കാൻ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറെയും ഇൻഷുറൻസ് ലഭിക്കുന്നതിന് നടപടിയെടുക്കാൻ കലക്ടറേയും ചുമതലപ്പെടുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top