തൃശൂർ
തങ്കക്കട്ടി തിരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് അമ്മാടം സ്വദേശിയിൽ നിന്ന് രണ്ട് കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതികളിൽ ഒരാൾ അറസ്റ്റിൽ. ചാലക്കുടി പോട്ട സ്വദേശിനി അറക്കിൽ വീട്ടിൽ തെക്കുതലയിൽ ജിജിമോൾ എ തെക്കുംതല (53) ആണ് തൃശൂർ സിറ്റി പൊലീസ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സ്വർണാഭരണങ്ങൾക്ക് തുല്യമായ തങ്കക്കട്ടി 15 ദിവസത്തിനുള്ളിൽ കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് 2,73,41,491 രൂപയുടെ സ്വർണ്ണാഭരണങ്ങളാണ് കഴിഞ്ഞ മാർച്ചിൽ രണ്ടുദിവസങ്ങളിലായി പ്രതികൾ വാങ്ങിയത്. തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കി മെയിൽ ഈസ്റ്റ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇൻസ്പെക്ടർ സുജിത്താണ് ആദ്യം അന്വേഷണം നടത്തിയത്. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ വൈ നിസാമുദ്ദീൻ നടത്തിയ തുടർ അന്വേഷണത്തിൽ പ്രതികൾ തെളിവ് നശിപ്പിച്ചതായി കണ്ടെത്തി. പിന്നീട് നടന്ന അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പ്രതിയെ കണ്ടെത്തി അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതികൾ നിരവധി പേരെ ഇത്തരത്തിൽ കബളിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. സമാനമായ കുറ്റത്തിന് തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ ഒരു കേസും പ്രതികൾക്കെതിരെ നിലവിലുണ്ട്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ജയപ്രദീപ്, വി കെ സന്തോഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജെസി ചെറിയാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരീഷ്, സിവിൽ പൊലീസ് ഓഫീസർ സച്ചിൻദേവ് എന്നിവരും ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..