തൃശൂർ
റെയിൽവേ സ്‌റ്റേഷന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്‌തു. ആലപ്പുഴ ആറാട്ടുപുഴ തകിടിയിൽ വീട്ടിൽ ഹരീഷ് കുമാറിനെ(42)യാണ് അന്വേഷക സംഘം അറസ്റ്റ് ചെയ്‌തത്. കൊടുങ്ങല്ലൂർ മേത്തല പടന്ന കാഞ്ഞിരപ്പറമ്പിൽ മജീദിന്റെ മകൻ ഷംജാദാ (41)ണ് കൊല്ലപ്പെട്ടത്. ലോറി ഡ്രൈവറായിരുന്നു. മദ്യപാനത്തിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഈസ്റ്റ്, വെസ്റ്റ്, വരന്തരപ്പിള്ളി, ഹരിപ്പാട് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, പിടിച്ചുപറി കേസുകളിൽ പ്രതിയാണ് ഹരീഷ്.
റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടം വഞ്ചിക്കുളത്തിനു സമീപം നടപ്പാതയോട് ചേർന്നുള്ള ചെറിയ കാനയിൽ തലകുത്തി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് നിർണായക തെളിവുകൾ ലഭിച്ചത്. സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോയുടെ മേൽനോട്ടത്തിൽ സിറ്റി അസിസ്റ്റന്റ് കമീഷണർ സലീഷ് എൻ ശങ്കരൻ, വെസ്റ്റ് ഇൻസ്‌പെക്ടർ പി ലാൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്‌ഐ സെസിൽ, പൊലീസുകാരായ ജയനാരായണൻ, അനൂപ്, റാഫി, പഴനി സ്വമി, പ്രദീപ്, സജി ചന്ദ്രൻ, സിംസൻ, അരുൺ, രാജീവ് രാമചന്ദ്രൻ, റൂബിൻ ആന്റണി, ടോണി വർഗീസ്, അലൻ ആന്റണി, മുകേഷ്, പ്രീത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..