തൃശൂർ
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്രനാടകോത്സവം അവസാനിച്ചുവെന്ന പ്രചാരണം അവാസ്‌തവമാണെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. അത്യന്തം സങ്കീർണമായ സാമ്പത്തിക സാഹചര്യത്തിൽ ഈ സാമ്പത്തിക വർഷം നടത്തണമെന്ന് ആഗ്രഹിച്ച ഇറ്റ്‌ഫോക്ക് നീട്ടിവയ്‌ക്കുവാനാണ് അക്കാദമി നിർവാഹകസമിതിയോഗം തീരുമാനിച്ചത്.
സർക്കാരിൽ പരമാവധി സമ്മർദം ചെലുത്തിയും കിട്ടാവുന്നത്രയും ഫണ്ട് സമാഹരണം നടത്തിയും അന്താരാഷ്ട്ര നാടകോത്സവം 2025 ഡിസംബറിനകം നടത്തണമെന്നതാണ് ലക്ഷ്യം.
അന്താരാഷ്ട്രനാടകോത്സവം ( ഇറ്റ്‌ഫോക്ക്) പൂർണമായും സർക്കാർ ഫണ്ടിനെ ആശ്രയിച്ചുനടത്തുന്നതാണ്. 2024 ജൂൺ മുതൽ അക്കാദമി ഇതിന്റെ ഒരുക്കങ്ങളും ഫണ്ടിനായുള്ള പരിശ്രമങ്ങളും നടത്തിയിരുന്നു.
2025 ഫെബ്രുവരിയിൽ ഇറ്റ്‌ഫോക്ക് നടത്തുന്നതിനുവേണ്ടി സെലക്ഷന് മുമ്പ് വരെയുള്ള പ്രാഥമികപ്രവർത്തനങ്ങൾ മുഴുവൻ പൂർത്തിയാക്കി. എന്നാൽ ഇറ്റ്‌ഫോക്കിനുള്ള സ്പെഷ്യൽ ഫണ്ട് അനുവദിക്കാൻ കഴിയാത്തവിധം സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി.
വയനാട് ദുരന്തത്തിന് അർഹമായ കേന്ദ്രസഹായംപോലും ലഭിക്കാത്തതിനാൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമായി.
വസ്തുതകൾ ഇങ്ങനെയായിരിക്കേ അക്കാദമിക്കും സർക്കാരിനുമെതിരെ ചില നിക്ഷിപ്ത താൽപ്പര്യക്കാർ നടത്തുന്ന പ്രചാരണത്തിൽ കുടുങ്ങരുതെന്ന് സെക്രട്ടറി അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..