ചെറുതുരുത്തി
കേരള കലാമണ്ഡലത്തിലെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് നിയമസഭാ സമിതി അംഗങ്ങൾ കലാമണ്ഡലം സന്ദർശിച്ചു. ആറ് എംഎൽഎമാരും സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥരും സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം തിങ്കളാഴ്ചയാണ് കലാമണ്ഡലത്തിൽ എത്തിയത്.
സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങൾ വാർഷിക റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും സമർപ്പിക്കേണ്ടതിന്റെ ഭാഗമായാണ് സംഘം എത്തിയത്. എംഎൽഎമാരായ പി സി വിഷ്ണുനാഥ്, എൻ കെ അക്ബർ, പി അബ്ദുൽ ഹമീദ്, എം വിജിൻ, ഇ ടി ടൈസൺ, എം എസ് അരുൺകുമാർ, എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഉദ്യോഗസ്ഥ പരിശോധന.
കലാമണ്ഡലം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സാംസ്കാരിക വകുപ്പിന്റെയും നിയമസഭയുടെയും മുമ്പാകെ കൊണ്ടുവരുന്നതിന് സമിതി ഇടപെടുമെന്ന് സമിതി ചെയർമാൻ പി സി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി അനന്തകൃഷ്ണൻ, രജിസ്‌ട്രാർ പി രാജേഷ് കുമാർ , ഭരണസമിതി അംഗം രവീന്ദ്രനാഥ് എന്നിവർ ചേർന്നാണ് ഇവരെ സ്വീകരിച്ചത്. കൂത്തമ്പലവും വിവിധ കളരികളും വിവിധ ഡിപ്പാർട്ട്മെന്റുകളും സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..