മായന്നൂർ
ഭാരതപ്പുഴയിൽ മണൽപ്പരപ്പുകൾക്കിടയിൽ നിറഞ്ഞ് ആറ്റുവഞ്ചിപ്പൂക്കൾ. മഞ്ഞ് പുതച്ച് നിൽക്കുന്ന ആറ്റുവഞ്ചിപ്പൂക്കളുടെ കാഴ്ച മനോഹരമാണെങ്കിലും ഇവ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
പുഴയുടെ നാശമാണ് ഇതെന്നാണ് പറയുന്നത്. സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്നും ആറ്റുവഞ്ചിപ്പൂക്കൾ വളരുന്ന ഇടത്ത് പ്രത്യേക ആവാസ വ്യവസ്ഥ രൂപപ്പെടുമെന്നും വാദമുണ്ട്.
ഡിസംബർ, -ജനുവരി മാസങ്ങളിലാണ് ആറ്റുവഞ്ചിപ്പൂക്കൾ സമൃദ്ധമായി വളരുന്നത്. കാറ്റിലാടി ഉലയുന്ന ആറ്റുവഞ്ചിപ്പൂക്കളിൽനിന്ന് അനേകം വിത്തുകൾ പാറിപ്പറക്കും. മണലെടുത്ത പുഴയുടെ മൺ ഭാഗങ്ങളിൽ ഇവ കൂട്ടമായി മുളച്ചുപൊന്തും. പത്തടിയോളം ഉയരത്തിൽ ചെടികൾ വളരും.
വേനലിൽ വളർച്ച മുരടിക്കുമെങ്കിലും മഴ കിട്ടിയാൽ വളർച്ച വീണ്ടെടുക്കും. നിളയിലെ ആറ്റുവഞ്ചിക്കാഴ്ചകൾ മലയാളത്തിലെ എഴുത്തുകാരെയും സ്വാധീനിച്ചിട്ടുണ്ട്. "ആറ്റുവഞ്ചിപ്പൂക്കളും കാറ്റിലാടിയുലഞ്ഞു ....' എന്ന് ഒ എൻ വി എഴുതിയിട്ടുണ്ട്. വലിയ പുഴകളുടെയും ആറുകളുടെയും തീരങ്ങളിൽ മാത്രം കാണുന്ന പ്രത്യേകതരം മരമാണ് ആറ്റുവഞ്ചിയെന്നും ഇവയുടെ വളർച്ച എത്രയോ വർഷം എടുത്തുകൊണ്ടാണ് സാധ്യമാകുന്നതെന്നും മറ്റൊരു വാദവുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..