തൃശൂർ
ഹരിതകർമ സേനയുടെ പ്രവർത്തനം പൂർണമായും ഡിജിറ്റിലാക്കും. ഹരിതമിത്രം ‘സ്‌മാർട് ഗാർബേജ്, മോണിറ്ററിങ് സിസ്റ്റം’ എന്ന അപ്ലിക്കേഷൻ ഉപയോഗിച്ചാണ് മാലിന്യ നിർമാർജനം ഡിജിറ്റലാക്കുന്നത്. വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നത് മുതലുള്ള വിവിരങ്ങളെല്ലാം ഒറ്റ ക്ലിക്കിൽ അറിയാൻ കഴിയും. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ മാലിന്യ നിർമാർജനം സെപ്‌തംബറോടെ 100ശതമാനവും ഹരിതമിത്രം ആപ്ലിക്കേഷൻ വഴിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ബ്ലോക്ക് തല ശിൽപശാലകൾ ആരംഭിച്ചു. പഞ്ചായത്ത് തലത്തിൽ ഏകോപന പ്രവർത്തനങ്ങളും മോണിറ്ററിങ്ങും ശക്തിപ്പെടുത്താനും തീരുമാനിച്ചു.
അജൈവമാലിന്യം വാതിൽ പടി ശേഖരണം നടത്തുന്നത് മുതൽ ഓരോ ഘട്ടത്തിലും ആപ്പിൽ രേഖപ്പെടുത്തും. മറ്റീരിയിൽ കളക്ഷൻ സെന്ററിൽ (എംസിഎഫ്) പ്രതിദിനം എത്തുന്ന മാലിന്യത്തിന്റെ അളവ്, വേർതിരിച്ചതിന്റെ വിവരങ്ങൾ തുടങ്ങി ലിഫ്റ്റിങ് ഏജൻസികൾ എംസിഎഫിൽ നിന്നും കൊണ്ടുപോകുന്നത് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഡിജിറ്റലായി രേഖപ്പെടുത്തും. ഇത് തത്സമയം നിരീക്ഷിക്കാനും കഴിയും. ഇതിലൂടെ മാലിന്യ നീക്കം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പിക്കാനാകും.
മാലിന്യം ശേഖരിക്കുമ്പോൾ വീടുകളിൽ ഒട്ടിച്ചിട്ടുള്ള ക്യു ആർ കോഡ് ഹരിതകർമ സേന സ്കാൻ ചെയ്‌ത് ആപ്പിൽ രേഖപ്പെടുത്തും. മാലിന്യം എന്താണ് ചെയ്യുന്നത് എന്നതടക്കമുള്ള വിവരങ്ങളും ഈ അപ്ലിക്കേഷനിൽ ലഭിക്കും. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ആപ്പിന്റെ പ്രവർത്തനം. തദേശ, ജില്ലാ, സംസ്ഥാന തലങ്ങളിൽ ഇത് നിരീക്ഷിക്കാനുള്ള സൗകര്യവുമുണ്ട്.
ഒരു ദിവസം എത്ര മാലിന്യം ശേഖരിച്ചു, എത്ര തരം തിരിച്ചു, കയറ്റി അയച്ചുവെന്നല്ലാം കൃത്യമായി അറിയാം. കെൽട്രോണും ഇൻഫർമേഷൻ കേരള മിഷനും ചേർന്നാണ് സാങ്കേിതിക സഹായം നൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..