കൊടകര
ടാറ്റാ മോട്ടോഴ്‌സ് പുറത്തിറക്കുന്ന ആംബുലൻസ് ഡിസൈൻ ചെയ്തത് കൊടകരക്കാരൻ പയ്യൻ. മംഗളൂരുവിലെ ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട് പോയ അർജുന്റെ ലോറി കാണണമെങ്കിൽ ഈ പ്ലസ് ടു വിദ്യാർഥിയുടെ വീട്ടിലെത്തിയാൽ മതി. കെ എ 15 എ 7427 ഭാരത് ബെൻസ് ലോറിയുടെ മിനിയേച്ചർ അവിടെ കാണാം. കൊടകര മനക്കുളങ്ങര പോത്തിക്കര വിട്ടീൽ സതീശൻ –-സബിത ദമ്പതികളുടെ മൂത്ത മകൻ ആദിത്യനാണ് ഇതിന്റെയല്ലാം മിനിയെച്ചർ പുനഃസൃഷ്ടിക്കുന്നത്. ഇപ്പോൾ കൊമ്പൻ ടൂറിസ്റ്റ് ബസിന്റെ പണിപ്പുരയിലാണ് ആദിത്യൻ. പേരാമ്പ്ര സ്വദേശികൾക്കായി പുനർനിർമിക്കുന്ന ഈ ബസ് മിനിയേച്ചറുകൾ അമേരിക്കയിലേക്ക് കൊണ്ടുപോകാനാണ്. റോബിൻ ബസിന്റെ മിനിയെച്ചറും ഇയാളുടെ വീട്ടിൽ ഉണ്ട്. ആറാം ക്ലാസ്സിൽ കളിമൺ ശിൽപ്പങ്ങൾ ഉണ്ടാക്കിയായിരുന്നു ആദിത്യന്റെ തുടക്കം. സ്കൂൾ കലോത്സവത്തിൽ ഈ ഇനത്തിൽ ജില്ലാ തലത്തിൽ പലവട്ടം സമ്മാനിതനായിട്ടുമുണ്ട്. പോളി കാർബൻ ഷീറ്റ്, മൾട്ടിവുഡ്, ഫെവിക്കോൾ, എന്നിവയാണ് ആദിത്യന്റെ അസംസ്കൃത വസ്തുക്കൾ.
താൻ പഠിച്ച മനക്കുളങ്ങര എസ് എൻ വി യു പി സ്കൂളിലെ ടാറ്റാ സ്കൂൾ ബസിന്റെ മിനിയേച്ചർ ഉണ്ടാക്കി ആദിത്യൻ സ്‌കൂളിന് നൽകിയിരുന്നു. സ്കൂൾ അധികൃതർ ഇത് കൊൽക്കൊത്തയിലെ ടാറ്റായുടെ ഓഫിസിലേക്ക് അയച്ചു കൊടുത്തു. ഒരു പ്ലസ്ടു ക്കാരൻ പയ്യന്റെ കരവിരുത്തിലൂടെ രൂപപ്പെടുത്തിയ മിനിയേച്ചർ കണ്ട് അമ്പരന്ന അവർ ആംബുലൻസ് ഡിസൈൻ ചെയ്യാൻ ആദിത്യനോട് ആവശ്യപ്പെടുകയായിരുന്നു. ആദിത്യൻ അതും ചെയ്തു കൊടുത്തു. രണ്ട് ആംബുലൻസുകളാണ് ടാറ്റാ യ്ക്കുവേണ്ടി ആദിത്യൻ ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..