തൃശൂർ
‘ഓണായിട്ട് ഞങ്ങളെ എല്ലാവരേം കാണാൻ വന്നതണാല്ലേ...?’ ഓണക്കിറ്റുമായി സപ്ലൈകോ ഉദ്യോഗസ്ഥരെത്തിയപ്പോൾ പടിഞ്ഞാറേക്കോട്ട സെന്റ് ആൻസ് ചാരിറ്റബിൾ ട്രസ്റ്റ് മറീന ഹോമിലെ അന്തേവാസി അന്നു സന്തോഷത്തോടെ ചോദിച്ചു. ‘അതേലോ...’ എന്നുപറഞ്ഞ് താലൂക്ക് സപ്ലൈകോ ഓഫീസിലെ ഉദ്യോഗസ്ഥർ അന്തേവാസികൾക്ക് കിറ്റ് കൈമാറി. വിശേഷങ്ങൾ തിരക്കി, ശേഷം ‘ഹാപ്പി ഓണം’ ആശംസിച്ച്, ഉദ്യോഗസ്ഥർ മടങ്ങാനൊരുങ്ങുമ്പോൾ അന്തേവാസികൾ നിറ ചിരിയോടെ പറഞ്ഞു- ‘താങ്ക്യു’.
ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നിവയും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങള്ളുള്ളതാണ് ഓണക്കിറ്റ്. മറീന ഹോം ഉൾപ്പടെ 32 അഗതി മന്ദിരത്തിൽ തൃശൂർ താലൂക്ക് സപ്ലൈ ഓഫീസിൽ നിന്ന് ഓണക്കിറ്റുകൾ എത്തിക്കും.
നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന നിലയിലാണ് വിതരണം. ഇത്തരത്തിൽ 232 കിറ്റുകൾ താലൂക്ക് സപ്ലൈ ഓഫീസിലെ അസിസ്റ്റന്റ് സപ്ലൈ ഓഫീസർ എസ് കെ ശ്രീകുമാറും റേഷനിങ് ഇൻസ്പെക്ടർ ജിസ്മി തോമസും ഡ്രൈവർ ടി ഒ ജോജുവും ചേർന്ന് കൈമാറും. ബുധനാഴ്ചയോടെ വിതരണം പൂർത്തിയാകും. ജില്ലയിൽ അഗതിമന്ദിരങ്ങളിലേക്ക് ഏറ്റവും കൂടുതൽ ഓണക്കിറ്റ് എത്തിക്കുന്നതും തൃശൂർ താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..