ഗുരുവായൂർ
ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് മാനേജിങ് പാർട്ണർ അറസ്റ്റിൽ. നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ രഞ്ജിഷയെ (48)യാണ് തൃശൂർ സിറ്റി സ്‌ക്വാഡും ഗുരുവായൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഗുരുവായൂരിൽ ശാന്തിമഠം വില്ല പ്രോജക്ട് എന്ന പേരിൽ വില്ലകൾ നിർമിച്ചു കൊടുക്കുന്ന പ്രോജക്ട് ആരംഭിക്കുകയും നിക്ഷേപകരിൽനിന്ന് പണം വാങ്ങിയശേഷം വില്ല നിർമാണം പൂർത്തിയാക്കാതെ വഞ്ചിക്കുകയുമായിരുന്നു. 2012 മുതൽ 2018 വർഷങ്ങളിലായി ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. അതിൽ മുപ്പത്തഞ്ചിലധികം കേസുകളിൽ രഞ്ജിഷ പ്രതിയായി അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
വിചാരണയ്‌ക്ക് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുന്നതിനിടെ
കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഗുരുവായൂർ അസിസ്റ്റന്റ് പൊലീസ് കമീഷണർ കെ എം ബിജു, തൃശൂർ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമീഷണർ കെ സുഷീർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പാലക്കാട് കൊല്ലംകോട്ടുനിന്നും പിടികൂടിയത്. മറ്റൊരു പ്രതി രാകേഷ് മനുവിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷകസംഘത്തിൽ ഗുരുവായൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി പ്രേമാനന്ദകൃഷ്ണൻ, സബ് ഇൻസ്‌പെക്ടർമാരായ ശരത് സോമൻ, കെ എം നന്ദൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ ജാൻസി, കെ എ റെനീഷ്, സിറ്റി സ്‌ക്വാഡ് അംഗങ്ങളായ സബ് ഇൻസ്‌പെക്ടർ കെ എച്ച് റാഫി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പളനിസാമി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി പ്രദീപ് കുമാർ, സജി ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..