22 December Sunday

കണക്ക് ഈസിയാക്കി 
‘മഞ്ചാടി’ മാജിക്

എ എസ് ജിബിനUpdated: Wednesday Dec 11, 2024

ചേലക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ കുട്ടികള്‍ മഞ്ചാടി പദ്ധതിയിലൂടെ കണക്ക് പഠിക്കുന്നു

തൃശൂർ
‘മഞ്ചാടി’യുടെ കൈപിടിച്ച് കണക്കിനെ വരുതിയിലാക്കി കുട്ടികൾ. കണക്ക് എളുപ്പ‌മാക്കാൻ സംസ്ഥാന സർക്കാർ കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്) മുഖേനെ പരീക്ഷണാർഥത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് മഞ്ചാടി.  ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി; ചിന്താപ്രക്രിയയ്ക്ക് ഊന്നൽ നൽകി; കളിച്ചും കൂട്ടുകൂടിയും കണക്ക് പഠിപ്പിക്കുന്ന മഞ്ചാടിയിലൂടെ  കുട്ടികൾ സ്വയം ​ഗണിതാശയങ്ങളിലേക്കെത്തും. പദ്ധതിയിലൂടെ കുട്ടികളെ വെട്ടിലാക്കിയായിരുന്ന കണക്ക് അവരുടെ പ്രിയ വിഷയമായി മാറിയെന്ന്  മഞ്ചാടി സംസ്ഥാന കോ–-ഓർഡിനേറ്റർ കെ കെ ശിവദാസൻ പറഞ്ഞു. 
      സംസ്ഥാനത്തെ 30 റസിഡൻഷ്യൽ സ്കൂളിലെ അഞ്ച്, ആറ് ക്ലാസുകാരും മറ്റ് 70 സ്കൂളുകളിലെ അഞ്ചാംക്ലാസുകാരുമാണ് മഞ്ചാടിയുടെ പരിധിയിലുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പ്‌ എസ്എസ്‌കെ വഴിയാണ് അഞ്ചാംക്ലാസിൽ ഇത്‌ നടപ്പാക്കുന്നത്. വിദ്യാകിരണം മിഷന്റെയും എസ്‌സിഇആർടിയുടെയും നേതൃത്വത്തിലും സൂക്ഷ്മ നീരിക്ഷണത്തിലുമാണ് പദ്ധതി. പട്ടികജാതി പട്ടികവർ​ഗ വകുപ്പ് നൽകുന്ന ഫണ്ട് വിനിയോ​ഗിച്ച് സ്കൂൾ സമയത്തിന് മുമ്പോ ശേഷമോ ആണ് റസിഡൻഷ്യൻ സ്കൂളിലെ ആറാംക്ലാസുകാ‌ർക്കിടയിൽ മഞ്ചാടി നടപ്പാക്കുന്നത്. പരിശീലനം നേടിയ അമ്മടീച്ചർമാരാണ് പഠിപ്പിക്കുന്നത്. അഞ്ചാംക്ലാസുകാർക്ക് ​​കണക്ക് പിരീഡാണ് മഞ്ചാടിക്കായി വിനിയോ​ഗിക്കുന്നത്.  സംസ്ഥാനത്തെ 5802 കുട്ടിക‌ളാണ് മഞ്ചാടിക്ക് കീഴിലുള്ളത്. 
ഹോമിഭാഭാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷനിലെ മുൻ പ്രൊഫസർ ഡോ. രവിസുബ്രഹ്മണ്യം നടത്തിയ പഠനത്തിൽ പദ്ധതി വിജയകരമെന്ന് കണ്ടെത്തിയിരുന്നു. പട്ടികവർഗ വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ പഠനമുറികൾ, വനിതാ ശിശുക്ഷേമ വകുപ്പിന്റെ ചിൽഡ്രൻസ് ഹോമുകൾ, ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഫിഷറീസ് സ്കൂളുകൾ എന്നിവിടങ്ങളിലും മഞ്ചാടി നടപ്പാക്കാൻ ആലോചനയുണ്ട്. വരും വർഷങ്ങളിൽ മറ്റു സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനും ആലോചനയുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top