തൃശൂർ
ലോക വിനോദസഞ്ചാര ദിനമായ 27ന് പുതുക്കാട് മണ്ഡലത്തിലെ ടൂറിസം സർക്യൂട്ട് ഉദ്ഘാടനം ആമ്പലൂരിൽ നടത്താൻ തീരുമാനം. കലക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്ന ഡിടിപിസി എക്‌സിക്യൂട്ടീവ് സമിതി യോഗത്തിലാണ് തീരുമാനം. ചിമ്മിനി ഡാം ഈ ദിവസം മുതൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. ജില്ലയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി നാട്ടിക ബീച്ചിൽ വിവാഹ ഡെസ്റ്റിനേഷൻ പദ്ധതി പ്രോത്സാഹിപ്പിക്കും. നിശ്ചിത വാടക ഏർപ്പെടുത്തി ഡിടിപിസിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, കെ കെ രാമചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ പ്രധാന ടൂറിസം വികസന പദ്ധതികൾ സംബന്ധിച്ച് അവലോകനം നടത്തി. ഏനാമാവ്, ചേറ്റുവ ഡെസ്റ്റിനേഷനുകളുടെ സമീപത്തുള്ള കനോലി കനാലിൽ കയാക്കിങ് ഉൾപ്പെടെയുള്ള വാട്ടർ സ്‌പോർട്‌സ് ആക്ടിവിറ്റികൾ സജ്ജമാക്കും. വടക്കാഞ്ചേരി മണ്ഡലത്തിലെ ഹിൽ സർക്യൂട്ടിന്റെ ട്രയൽ റൺ 26നും ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബറിലും നടത്തും. പൂമല ഡാം, മിനി ഊട്ടി, പത്താഴക്കുണ്ട് ഡാം, ചെപ്പാറ റോക്ക് ഗാർഡൻ, വട്ടായി വെള്ളച്ചാട്ടം, വാഴാനി, പേരപ്പാറ ഡാം, വിലങ്ങൻകുന്ന്, കോൾനിലങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് സർക്യൂട്ട് തയ്യാറാക്കിയിട്ടുള്ളത്. മാള ഗസ്റ്റ് ഹൗസ്, ചേറ്റുവ, വടക്കാഞ്ചേരി വഴിയോരവിശ്രമ കേന്ദ്രങ്ങൾ എന്നിവ പ്രവർത്തന യോഗ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഡിടിപിസിയുടെയും ഡിഎംസിയുടെയും നിയന്ത്രണത്തിലുള്ള ഇടങ്ങളിൽ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം സജ്ജമാക്കാനും സിസിടിവി സ്ഥാപിക്കാനും തീരുമാനിച്ചു. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും 27ന് ലോക വിനോദസഞ്ചാര ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കും. പൂമല ഇക്കോ ടൂറിസം, വാഴാനി മ്യൂസിക്കൽ ഫൗണ്ടൻ, സ്‌നേഹതീരം ബീച്ച് പാർക്ക്, കിളിപ്പാടം ഇക്കോ ടൂറിസം, ഗുരുവായൂർ ടൂറിസം സർക്യൂട്ട് പദ്ധതികൾ സംബന്ധിച്ച് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിലെ വിവിധ ടൂറിസം പദ്ധതികൾ സംബന്ധിച്ച അവലോകന യോഗം ബന്ധപ്പെട്ട എംഎൽഎമാരെ പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, ഡിടിപിസി എക്‌സിക്യൂട്ടീവ് സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..