തൃശൂർ
ദിവസങ്ങൾ നീണ്ട പിന്നണി കാഴ്‌ചകൾക്കൊടുവിൽ വിപണിയിൽ കുടുംബശ്രീയുടെ ഓണക്കനിയും നിറപൊലിമയും സജീവം. ജില്ലയിലെ 16 ബ്ലോക്കുകളിലായി 8974 ജെഎൽജി ഗ്രൂപ്പുകളിലെ 35896 അംഗങ്ങൾ ചേർന്ന് കൃഷി ചെയ്‌ത പച്ചക്കറികളും പൂക്കളുമാണ് ഓണവിപണിയിലെത്തിയത്. 2333.03 ഏക്കറുകളിലായാണ് വിവിധയിനം പച്ചക്കറികളും 185 ജെഎൽജി ഗ്രൂപ്പുകൾ പൂകൃഷിയും ചെയ്‌ത്. 1010.31 ടൺ കായയും 309.29 ടൺ പച്ചക്കറിയും 176.6 ടൺ കിഴങ്ങു വർഗങ്ങളും12 ടൺ മറ്റു പച്ചക്കറികളുമാണ് വിൽപ്പനയ്‌ക്കായെത്തിയത് . 176.82 ടൺ പൂക്കളാണ് വിളവെടുത്തത്. വൈവിധ്യമാർന്ന കൃഷി രീതികൾ അവലംബിച്ചു കൊണ്ട് കർഷകർക്ക് ഉൽപ്പാദനവും വരുമാനവും വർധിപ്പിക്കാൻ സാധിക്കുകയാണ് ലക്ഷ്യം.
2389 ജെഎൽജി ഗ്രൂപ്പുകൾ ചേർന്നാണ് പച്ചക്കറി കൃഷി ചെയ്‌തത്. പൂക്കളും പച്ചക്കറികളും കുടുംബശ്രീ ചന്തകളിലും ഓണത്തോടനുബന്ധിച്ചുള്ള പ്രാദേശിക വിപണികൾ വഴിയുമാണ് വിൽക്കുന്നത്. കൃഷിസ്ഥലങ്ങളിൽ നേരിട്ട് പൂവ് വിപണനം നടത്തുന്നുണ്ട്. കുടുംബശ്രീയിലെ കർഷക വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയിൽ ജമന്തി, ചെണ്ടുമല്ലി എന്നിവയാണ് പ്രധാനമായും വിൽപ്പനയ്‌ക്കുള്ളത്. വിഷരഹിത പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുന്നതിന് പയർ, പാവൽ, വെണ്ട, പടവലം, നേന്ത്രക്കായ, ചീര, ചേന, തക്കാളി, വഴുതന, മുരിങ്ങ, മുളക് തുടങ്ങിയവ പച്ചക്കറി ഇനങ്ങളിലുമുണ്ട്.
വരവൂർ
കൂർക്കയാണ് താരം
വരവൂർ കുടുംബശ്രീ സിഡിഎസിന്റെ ഓണ വിപണിയിലെ താരം വരവൂർ ഗോൾഡ് പേരിലറിയപ്പെടുന്ന വരവൂർ കൂർക്കയാണ്. ആവശ്യക്കാർ ഏറെയാണ് ഇതിന്. കുടുംബശ്രീ സംഘകൃഷികാർ 63 ഏക്കറിലാണ് കൂർക്ക കൃഷി ചെയ്തിട്ടുള്ളത്. ഓണ ചന്തയിൽ കിലോക്ക് 100 രൂപയാണ് വില. പുറത്ത് മാർക്കറ്റിൽ 180 രൂപ വരെ വിലയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..