18 November Monday
ജോസ്‌ വള്ളൂരിന്‌ തിരിച്ചടി

യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ നിയമനം മരവിപ്പിച്ചു

സ്വന്തം ലേഖകൻUpdated: Saturday Oct 12, 2024
തൃശൂർ
ഡിസിസി പ്രസിഡന്റായിരുന്ന ജോസ്‌ വള്ളൂരിന്‌ വീണ്ടും തിരിച്ചടി.  വള്ളൂർ വിഭാഗം നിയമിച്ച യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ നിയമനം മരവിപ്പിച്ചു. യൂത്ത്‌ കോൺഗ്രസ്‌ ഒല്ലൂക്കര മണ്ഡലം പ്രസിഡന്റായി ലിയോ രാജനെ നിയോഗിച്ച തീരുമാനമാണ്‌ മരവിപ്പിച്ചത്‌. ലിയോ രാജനെ  തീരുമാനിച്ചതോടെ വൻ പ്രതിഷേധം ഉയർന്നിരുന്നു.  ലിയോ രാജന്റെ ചിത്രമുള്ള ഫ്ലക്‌സ്‌ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. മണ്ണുത്തി പൊലീസിൽ  കേസുകളും നിലവിലുണ്ട്‌. 
ഒല്ലൂക്കര മണ്ഡലം  കോൺഗ്രസ്‌ കമ്മിറ്റി യൂത്ത്‌ കോൺഗ്രസ്‌ ഭാരവാഹിയെ നിശ്ചയിച്ചിരുന്നു. ജോസ്‌ വള്ളൂർ സംസ്ഥാന നേതാക്കളിൽ ചിലരെ തെറ്റിദ്ധരിപ്പിച്ചും  യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റിനെ കൂട്ടുപിടിച്ചും ലിയോ രാജനെ പിൻവാതിലിലൂടെ നിയമിക്കുകയായിരുന്നുവെന്നാണ്‌ എതിർപക്ഷം ആരോപിക്കുന്നത്‌. 
കഴിഞ്ഞ  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലിയോ പ്രവർത്തന രംഗത്തുണ്ടായിരുന്നില്ല. യൂത്ത്‌ കോൺഗ്രസ്‌ സമ്മേളനങ്ങളിലും പങ്കെടുക്കാറില്ല.  വള്ളൂരിന്റെ നോമിനിയായി യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയിലേക്ക്‌ മത്സരിച്ചുവെങ്കിലും നാമമാത്ര വോട്ടാണ്‌ ലഭിച്ചത്‌. പിന്നീട്‌ ജില്ലാ സെക്രട്ടറിയായി നോമിനേറ്റ്‌ ചെയ്യാനായി നീക്കം. 
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ മൂന്നാംസ്ഥാനത്തേക്ക്‌ പുറംതള്ളപ്പെട്ട്‌ ബിജെപി ജയിച്ചതിനെ തുടർന്ന്‌  ജോസ്‌ വള്ളൂരിന്‌ ഡിസിസി പ്രസിഡന്റ്‌ സ്ഥാനം നഷ്ടപ്പെട്ടു.  ഇതിനിടെ  ജോലി  കാര്യങ്ങളാൽ നിലവിലെ  യൂത്ത്‌ കോൺഗ്രസ്‌ ഒല്ലുക്കര  മണ്ഡലം പ്രസിഡന്റ്‌  സ്ഥാനം ഒഴിയാൻ സന്നദ്ധനായി. തുടർന്നാണ്‌ ലിയോ രാജനെ തിരുകിക്കയറ്റിയത്‌. ഇതിനെതിരെ ഒല്ലുക്കര മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയും യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തിറങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top