23 December Monday
എടിഎം കൊള്ള

പ്രതികൾ വിയ്യൂർ പൊലീസ്‌ കസ്‌റ്റഡിയിൽ

സ്വന്തം ലേഖകൻUpdated: Saturday Oct 12, 2024
തൃശൂർ 
എടിഎം കൊള്ളക്കേസിൽ സേലം ജയിലിൽ റിമാൻഡിലായിരുന്ന പ്രതികളെ വിയ്യൂർ പൊലീസ്‌ കസ്റ്റഡിയിൽ വാങ്ങി. കോലഴി കേസിൽ നൽകിയ കസ്റ്റഡി അപേക്ഷയെ തുടർന്നാണ്‌ കുമാരപാളയം കോടതിയുടെ ഉത്തരവ്‌. ഇർഫാൻ,  സാബിർഖാൻ, ഷൗക്കീൻ, മോഹ്‌ദ്‌ ഇക്രാം, മുബാരിക്‌ ആദ്‌  എന്നിവരെയാണ്‌ അഞ്ചു ദിവസത്തേക്ക്‌ വെള്ളിയാഴ്‌ച കസ്‌റ്റഡിയിൽ വിട്ടത്‌. 
 കണ്ടെയ്‌നർ ലോറിയിൽ തമിഴ്‌നാട്ടിലേക്ക്‌ കടന്ന സംഘവും  പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ ആസർ അലി കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്‌. ഇയാൾ അടുത്ത ദിവസം ആശുപത്രി വിടും. വിട്ടാലുടൻ ഇയാളെ അറസ്റ്റ്‌ ചെയ്‌ത്‌ തൃശൂരിലേക്ക്‌ കൊണ്ടുവരാനുള്ള നടപടികൾ  സിറ്റി പൊലീസ്‌ കമീഷണർ ആർ ഇളങ്കോയുടെ നേതൃത്വത്തിൽ ആരംഭിച്ചു.  അന്വേഷണത്തിൽ  പ്രധാനമായും പൂർത്തിയാക്കാനുള്ളത്‌ ആസർ അലിയുടെ വിരലടയാള പരിശോധനയാണ്‌. 
ഇയാളുടെ വിരലടയാളം തമിഴ്‌നാട്‌ പൊലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. അത്‌ ഉപയോഗിച്ച്‌ നടപടി പൂർത്തിയാക്കാനും പൊലീസ്‌ ശ്രമിക്കുന്നുണ്ട്‌. വിയ്യൂർ പൊലീസിന്റെ നടപടികൾ അവസാനിച്ചാൽ മാപ്രാണം എടിഎം കവർച്ചക്കേസിൽ ഇരിങ്ങാലക്കുട പൊലീസ്‌ കസ്റ്റഡി അപേക്ഷ നൽകും. നേരത്തേ തൃശൂർ ഈസ്‌റ്റ്‌ പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ്‌ പൂർത്തീകരിച്ചിരുന്നു.  പ്രതികൾ കവർച്ചയ്‌ക്കുപയോഗിച്ച ആയുധങ്ങളും സുപ്രധാന തെളിവുകളും കണ്ടെടുത്തിട്ടുണ്ട്‌. അതിനാൽ തന്നെ വിയ്യൂർ, മാപ്രാണം കേസുകളിൽ ഔപചാരിക നടപടികളാണ്‌ പൂർത്തിയാകാനുള്ളത്‌. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തമിഴ്‌നാട്‌ പൊലീസിന്റെ  വെടിയേറ്റ കണ്ടെയ്‌നർ ഡ്രൈവർ  ജുമാലുദ്ദീൻ കൊല്ലപ്പെട്ടിരുന്നു. സെപ്‌തംബർ 27ന് പുലർച്ചെയാണ് തൃശൂരിൽ മൂന്ന്‌ എടിഎം തകർത്ത്‌ 69.41 ലക്ഷം രൂപ കൊള്ളയടിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top