21 October Monday
പൊലീസ്‌ സേവനം ലഭിച്ചോ

അറിയിക്കാൻ 
ക്യൂആർ കോഡ്‌

സ്വന്തം ലേഖകൻUpdated: Saturday Oct 12, 2024
തൃശൂർ 
പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയവര്‍ക്ക് സേവനങ്ങൾ കൃത്യതയോടെ ലഭിച്ചുവോ. ഇല്ലെങ്കിലും ഉണ്ടെങ്കിലും അഭിപ്രായം ക്യൂആർ കോഡിലൂടെ നേരിട്ട് കമീഷണറെ അറിയിക്കാം. പരിഹാരം ആവശ്യമായ വിഷയങ്ങൾക്ക് നിമിഷങ്ങൾക്കകം കൃത്യമായ ഇടപെടലുണ്ടാവും. സംസ്ഥാനത്ത്‌ തൃശൂർ സിറ്റി പൊലീസിലെ എല്ലാ സ്റ്റേഷനുകളിലുമാണ്‌ ആദ്യമായി  ഈ സംവിധാനം നടപ്പാക്കിയത്‌. കഴിഞ്ഞ  രണ്ടിന്‌ എട്ട്‌ സ്റ്റേഷനുകളിൽ പരീക്ഷണാർഥം ആരംഭിച്ച ക്യൂആര്‍ കോഡ് തുടർന്ന്‌ എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. സ്റ്റേഷനിലെത്തുന്നവർക്ക് ബുദ്ധിമുട്ടില്ലാതെ സേവനങ്ങൾ ഉറപ്പുവരുത്താനാണ് ഈ സംവിധാനം.  സിറ്റി പൊലീസിൽ എല്ലാ സ്റ്റേഷനിലും ക്യുആർ  കോഡ്‌ പതിച്ചിട്ടുണ്ട്‌. 
മൊബൈൽ ഫോൺ വഴി സ്‌കാൻ ചെയ്‌താൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. സ്റ്റേഷനിൽ നൽകുന്ന പരാതിയിൽ എഫ്‌ഐആറിടാൻ വൈകുന്നത്‌, മോശമായ പെരുമാറ്റം തുടങ്ങീ സ്റ്റേഷനിലെ മുഴുവൻ സേവനങ്ങളെ കുറിച്ചും പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം. നല്ല രീതിയില്‍ സേവനം ലഭിച്ചെങ്കിൽ നന്ദിയും പറയാം. 
കമീഷണറെ നേരിൽ കണ്ട്‌ പരാതി പറയാൻ സമയമെടുക്കും. പലർക്കും പൊലീസിനോട്‌ സംസാരിക്കാൻ ഭയവുമുണ്ട്‌. ക്യുആർ കോഡായതോടെ ഇതെല്ലാം ഒഴിവാകും. അയക്കുന്ന സന്ദേശം നേരിട്ട്‌ സിറ്റി കമീഷണർക്ക്‌ ലഭിക്കും.  ഉടൻ നടപടിയുമുണ്ടാവും. ഇതിനകം ഒമ്പത്‌ അഭിപ്രായങ്ങൾ ലഭിച്ചതായി കമീഷണർ ആർ ഇളങ്കോ അറിയിച്ചു. ഈ സംവിധാനം പൊതുജനങ്ങൾ പരമാവധി ഉപയോഗിക്കണമെന്ന് കമീഷണര്‍ പറഞ്ഞു. 
പൊലീസുദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സീഡ് പദ്ധതിയും രൂപീകരിച്ചിട്ടുണ്ട്‌. ഉദ്യോഗസ്ഥൻമാർക്ക് തങ്ങളുടെ ഡ്യൂട്ടി, ക്ഷേമം തുടങ്ങിയവയിലുള്ള അഭിപ്രായം രേഖപെടുത്തുന്നതിനും ക്യുആർ കോഡ് സംവിധാനം ലഭ്യമാക്കുന്നുണ്ട്. ഇത്തരത്തിൽ അഭിപ്രായപ്പെടുന്ന വിവരങ്ങൾക്ക്‌ പൊലീസ്‌ വെൽഫെയർ വിഭാഗത്തിനാണ്‌ ലഭിക്കുക. തുടർന്ന്‌ കമീഷണർക്ക്‌ കൈമാറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top