തൃശൂർ
കടകളിൽ മിനറൽ വാട്ടർ വിതരണക്കാരനായ പൂത്തോൾ കളത്തിൽ വീട്ടിൽ സുബിൻ ജോലി കഴിഞ്ഞ് സ്ഥിരം മടങ്ങുന്നത് അച്യുതമേനോൻ പാർക്കിന് സമീപത്തൂടെയാണ്. പതിവ് യാത്രയ്‌ക്കിടെ ബുധനാഴ്‌ച വഴിയിൽ ഒരു ബാഗ് വീണ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ആരുടെയെങ്കിലും കൈയിൽ നിന്ന് വീണതാകാമെന്ന് കരുതി നോക്കിയപ്പോൾ നിറയെ പണമായിരുന്നു. ഉടൻ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി ബാഗ് ഏൽപ്പിച്ചു. പൊലീസ് പരിശോധിച്ചപ്പോൾ എട്ടു ലക്ഷത്തോളം രൂപയുണ്ടായിരുന്നു. കൂടെ ആധാർകാർഡും പാൻകാർഡുമടക്കമുള്ള രേഖകളും. ബാഗിൽ കണ്ട ഫോൺ നമ്പരിലേക്ക് വിളിച്ചയുടൻ കോൾ എടുത്തയാൾ ചോദിച്ചത് ‘എന്റെ ഒരു പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടിട്ടുണ്ട് നിങ്ങൾക്കെങ്ങാനും കിട്ടിയോ...’ എന്നാണ്.
ഒല്ലൂക്കര മുളയം സ്വദേശിയുടേതായിരുന്നു ബാഗ്. ഹൃദയസംബന്ധമായ അസുഖത്തിന് ഓപ്പറേഷൻ നടത്താനുള്ള പണമായിരുന്നു ബാഗിലുണ്ടായിരുന്നത്. ഓപ്പറേഷനുള്ള പണം ബാങ്കിൽ നിന്ന് എടുത്ത് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ബാഗ് നഷ്ടമായത്. ഇൻസ്‌പെക്ടർ ലാൽകുമാറിന്റെ സാന്നിധ്യത്തിൽ സുബിൻ തന്നെ ഉടമയ്‌ക്ക് ബാഗ് കൈമാറി. ഇത്തരം സന്ദർഭങ്ങളിൽ 112 എന്ന എമർജൻസി നമ്പരിലേക്ക് വിളിച്ച് ഉടൻ തന്നെ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..