പുഴയ്ക്കൽ
പുതിയ ജോലി ലഭിച്ച് ആദ്യ ശമ്പളം വാങ്ങി ഉറ്റവർക്കൊപ്പം സന്തോഷം പങ്കിടാൻ വീട്ടിലേക്ക് മടങ്ങിയ വിഷ്ണു യാത്ര ചെയ്‌തത് മരണത്തിലേക്കായിരുന്നു. ഒരു മാസം മുമ്പാണ് കോർപറേഷന്റെ മാലിന്യ സംസ്കരണ പ്ലാന്റിലെ താൽക്കാലിക സ്ഥാപനത്തിൽ ജോലി ലഭിച്ചത്. ചൊവ്വാഴ്ച ശമ്പളം കിട്ടിയതിനാൽ വാഹനത്തിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്. കൊട്ടേക്കാട് പള്ളിക്കു മുന്നിലെ വളവ് തിരിയുമ്പോൾ സ്കൂട്ടർ തെന്നി മറിയുകയായിരുന്നു. മറിയുന്നതിനിടെ സ്കൂട്ടറിൽ നിന്നുള്ള പെട്രോൾ വിഷ്ണുവിന്റെ വസ്ത്രത്തിലും മറ്റും ആയി. വാഹനം പ്രദേശവാസികളുടെ സഹായത്തോടെ ഉയർത്തി പ്രവർത്തിപ്പിക്കുന്നതിനിടെയാണ് ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപ്പൊരി ടാങ്കിൽ നിന്ന് ചോർന്ന ഇന്ധനത്തിലേക്ക് പിടിച്ചത്.സ്കൂട്ടറിൽ ഇരുന്നിരുന്ന വിഷ്ണുവിന്റെ ശരീരത്തിലേക്കും തീ പടർന്നുപിടിച്ചു. പ്രദേശവാസികൾ ചേർന്ന് തീയണയ്‌ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്കൂട്ടർ പൂർണമായി കത്തി നശിച്ചു. തൃശൂരിൽ നിന്ന് ഫയർഫോഴ്സും വിയ്യൂർ പൊലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..