ചാലക്കുടി
വേഴാമ്പലുകളുടെ പ്രജനനകാലത്തിന് തുടക്കമായി. വാഴച്ചാൽ മേഖലകളിൽ ഇവ കൂടുകളൊരുക്കിത്തുടങ്ങി. ഫെബ്രുവരി അവസാനത്തോടെ നിർമാണം പൂർത്തിയാകും. വാഴച്ചാൽ പുഴയോരവനങ്ങളിൽ ഓരോ വർഷം പിന്നിടുമ്പോഴും കൂടുകളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നതായി പശ്ചിമഘട്ട വേഴാമ്പൽ ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ പറയുന്നു.
2005ൽ 23 കൂടുകളാണുണ്ടായിരുന്നത്. 2018 ആയതോടെ നൂറിലധികമായി. മലമുഴക്കി വേഴാമ്പൽ, പാണ്ടൻ വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിങ്ങനെയുള്ള വേഴാമ്പലുകളാണ് നിത്യഹരിത വനങ്ങളിൽ വസിക്കുന്നത്. പുഴയോരവനങ്ങളാണ് പാണ്ടൻ വേഴാമ്പലുകളുടെ താവളം. കോഴി വേഴാമ്പൽ പഞ്ചിമഘട്ടത്തിൽ മാത്രം കാണുന്ന ഇനമാണ്. നിബിഡ വനങ്ങളാണ് മലമുഴക്കി വേഴാമ്പലുകളുടെ ആവാസകേന്ദ്രം.
മൂന്ന് ഇനത്തിൽപ്പെട്ട വേഴാമ്പലുകളെയും ഒരുമിച്ച് കാണുന്ന അപൂർവ മേഖലകളിലൊന്നാണ് വാഴച്ചാലിലെ പുഴയോരവനങ്ങൾ. വാഴച്ചാൽ പുഴയോരവനങ്ങളിലെ ഉയരം കൂടിയ മരങ്ങളും പുഴയുടെ സാമീപ്യവുമാണ് വേഴാമ്പലുകളെ ആകർഷിക്കുന്നത്. ഭക്ഷണത്തിനുള്ള വകയും ഇവിടെ സുലഭമായി ലഭിക്കുന്നു. നവംബർ അവസാനത്തോടെ ആരംഭിച്ച് മെയ് വരെ നീളുന്നതാണ് ഇവയുടെ പ്രജനനകാലം. മലമുഴക്കി വേഴാമ്പലുകളുടെ പ്രജനന കാലം 80 മുതൽ 120 ദിവസം വരെ നീളും. മെയ് അവസാനത്തോടെ കുഞ്ഞുങ്ങൾ പുറത്തുവന്നുതുടങ്ങും.
ഉയരം കൂടിയ മരങ്ങളുടെ ദൗർലഭ്യം ഇവയുടെ നിലനിൽപ്പിന് ഭീഷണിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..