തിരുവില്വാമല
പുതുജന്മം കൈവരുമെന്ന വിശ്വാസത്തോടെ പുനർജനി നൂഴൽ തിരുവില്വാമല വില്വാദ്രി പുനർജനി ഗുഹയിൽ നടന്നു. വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി) ദിവസമാണ് ഈ ചടങ്ങ് നടക്കുക. പുലർച്ചെ വില്വാദ്രിനാഥ ക്ഷേത്രത്തിൽനിന്ന് നാമജപഘോഷയാത്രയോടുകൂടിയെത്തി ഗുഹാമുഖത്ത് പ്രത്യേക പൂജകൾക്കുശേഷം നെല്ലിക്ക ഗുഹയിലേക്കുരുട്ടിയിട്ടശേഷമാണ് നൂഴൽ ആരംഭിച്ചത്. ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിൽനിന്നും രണ്ട് കിലോമീറ്റർ മാറിയാണ് പുനർജനി ഗുഹ സ്ഥിതി ചെയ്യുന്നത്. വർഷത്തിലൊരിക്കൽമാത്രമേ ഈ ഗുഹാകവാടം തുറക്കുകയുള്ളൂ. ഏകദേശം ഒരു മണിക്കൂർ സമയമെടുക്കും നൂഴലിന്. സ്ത്രീകൾ ഗുഹയ്ക്കകത്തേക്ക് പ്രവേശിക്കാറില്ല. നൂഴ്ന്ന് പുറത്തേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സ്ത്രീകളടക്കമുള്ള വിശ്വാസികൾ നാമജപത്തോടെ കാത്തിരിക്കുകയാണ് പതിവ്. രാവിലെ നൂഴലിനിടയിൽ ഒന്നരമണിക്കൂറോളം തടസ്സമുണ്ടായതൊഴിച്ചാൽ മറ്റുപ്രശ്‌നങ്ങളൊന്നും ബാധിച്ചില്ല.
പതിവുപോലെ തെക്കേ പാറപ്പുറത്ത് രാമചന്ദ്രൻ (ചന്തു) ആദ്യം നൂഴ്ന്നു. ക്ഷേത്രത്തിൽ രാവിലെ 7.30ന് വിശേഷാൽ കാഴ്ചശീവേലി, മേളം, പഞ്ചവാദ്യം, സമ്പൂർണ ഗീതാപാരായണം, ഏകാദശി പ്രസാദവിതരണം, വൈകിട്ട് വിളക്കുവയ്‌പ് എന്നിവയുണ്ടായി. പഞ്ചായത്ത്, ദേവസ്വം, പൊലീസ്, ഫോറസ്റ്റ്, ഫയർ ഫോഴ്‌സ്, ആരോഗ്യ വകുപ്പ് എന്നിവരുടെ മുഴുവൻ സേവനവും ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..