തൃശൂർ
കലമണ്ഡലം പത്മിനിയുടെ ജീവിതം പ്രതിപാദിക്കുന്ന ഡോക്യുമെന്ററി ‘നടനം പത്മിനി’ ബുധന്‍ വൈകിട്ട് 4.30ന് കലാമണ്ഡലം കൂത്തമ്പലത്തിൽ പത്മിനിയുടെ ഗുരു കലാമണ്ഡലം ചന്ദ്രിക പ്രകാശിപ്പിക്കും. 43 മിനിറ്റാണ് ദൈർഘ്യം. പത്മിനിയുടെ 11 വയസ്സുമുതലുള്ള ജീവിതമാണ് ഉള്ളടക്കം. വിനു വാസുദേവനാണ് തിരക്കഥയും സംവിധാനവും.
കലാമണ്ഡലം പത്മിനിയുടെ 74–--ാം പിറന്നാൾ ദിനത്തിൽ ഗുരു ദക്ഷിണയായാണ് ഡോക്യുമെന്ററി സമർപ്പിക്കുന്നതെന്ന് ശിഷ്യർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരുവർഷം മുമ്പാണ് ഡോക്യുമെന്ററിയെന്ന ആശയം കലാമണ്ഡലം പത്മിനി ശിഷ്യരോട് പങ്കുവയ്ക്കുന്നത്. തുടർന്നാണ് ഡോക്യുമെന്ററി നിർമാണം.
സാംസ്കാരിക സമ്മേളനം കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ബി അനന്ദകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. പി രാജേഷ് കുമാര്‍ അധ്യക്ഷനാകും. ഇതിനു മുന്നോടിയായി പകല്‍ മൂന്നിന് കലാമണ്ഡലം പത്മിനിയും 60 പിന്നിട്ട മുപ്പത് ശിഷ്യകളും ചേർന്ന് രണ്ടുമണിക്കൂർ ദൈർഘ്യമുള്ള നൃത്ത പരിപാടി അവതരിപ്പിക്കും. കലാമണ്ഡലം പത്മിനി ഭരതനാട്യവും ശിഷ്യർ മോഹിനിയാട്ടവും അവതരിപ്പിക്കും.
രാവിലെ പത്തിന് പൂർവവിദ്യാർഥി സംഗമവും ഉണ്ടാകും. വരവൂർ സ്വദേശിനിയായ കലാമണ്ഡലം പത്മിനി പൂങ്കുന്നത്താണ് താമസം. കലാമണ്ഡലം ഹുസന ബാനു, കലാമണ്ഡലം ഭാഗ്യേശ്വരി, കലാമണ്ഡലം സുശീല, കലമാണ്ഡലം സരോജിനി, കലാമണ്ഡലം അംബിക എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..