തൃശൂർ
തൃശൂർ – കുറ്റിപ്പുറം- റോഡിന്റെ അറ്റകുറ്റപണികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ. നിർമാണപുരോഗതി വിലയിരുത്തിയശേഷമാണ് നിർദേശം. റോഡ് പൂർണമായും തകർന്ന ഭാഗങ്ങളിൽ ജിഎസ്ബി വിരിച്ച് നിരപ്പാക്കിയിട്ടുണ്ട്. മെറ്റൽ ഉപയോഗിച്ച് കുഴിയടയ്ക്കലും ടാറിങ് പ്രവൃത്തികളും പുരോഗമിക്കുകയാണ്. തൃശൂർ– കുറ്റിപ്പുറം റോഡിന്റെ അറ്റകുറ്റപ്പണിക്ക് 59.64 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാത റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കാൻ 206.87 കോടി രൂപയുടെ ബാലൻസ് വർക്ക് എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. 31 ഓടെ പ്രവൃത്തി ടെൻഡർ ചെയ്യാനാകുമെന്ന് കെഎസ്ടിപി അധികൃതർ അറിയിച്ചു.
തൃശൂർ– -കുറ്റിപ്പുറം സ്റ്റേറ്റ് ഹൈവേ വികസന പ്രവൃത്തികൾ 2021 സെപ്തംബർ ഒമ്പതിന് ആരംഭിച്ചെങ്കിലും പദ്ധതി പൂർത്തീകരിക്കാനോ വർക്ക് ഷെഡ്യൂൾ അനുസരിച്ച് പുരോഗതി ഉണ്ടാക്കാനോ കരാറുകാർക്ക് സാധിച്ചില്ല. തുടർന്ന് മേയിൽ കരാർ കമ്പനിയെ ടെർമിനേറ്റ് ചെയ്തു. അറ്റകുറ്റപ്പണികളിൽ വീഴ്ച വരുത്തിയതിന് കെഎസ്ടിപി കുറ്റിപ്പുറം ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..