തൃശൂർ
വയനാട് ദുരിതബാധിതർക്ക് വീടൊരുക്കാൻ ചായക്കുറി നടത്തി ഡിവൈഎഫ്ഐ. പണ്ട് ഗ്രാമങ്ങളിൽ വിവാഹം നടത്താനും വീടുവയ്ക്കാനുമുള്ള പണം കണ്ടെത്താൻ നടത്തിയിരുന്നതാണ് ചായക്കുറി. ചായക്കുറി സംഘടിപ്പിക്കുന്നയാൾ ചായകുടിക്കാൻ പ്രത്യേകം സജ്ജീകരിച്ച ഇടത്തേക്ക് പ്രദേശവാസികളെ ക്ഷണിക്കും. അവർക്ക് ചായയും പലഹാരവും നൽകും. ചായകുടിച്ച് വിശേഷങ്ങൾ പറഞ്ഞ് പിരിയുമ്പോൾ സൽക്കാരം നടക്കുന്നയിടത്ത് വച്ചിരിക്കുന്ന പെട്ടിയിലേക്ക് സന്തോഷപൂർവം ഇഷ്ടമുള്ള തുകയിടും.
കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലെ കൂളിമുട്ടം മേഖല ത്രിവേണി യൂണിറ്റും കൊടുങ്ങല്ലൂർ മേഖല ഉഴുവത്ത് കടവ് യൂണിറ്റും എറിയാട് മേഖലാ കമ്മിറ്റിയും ചായക്കുറി സംഘടിപ്പിച്ചു. നാണൻ മെമ്മോറിയൽ വായനശാല, ഉഴവത്തുകടവ് പരിസരം, എറിയാട് ചേരമാൻ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പകൽ 4.30മുതൽ ഏഴുവരെയാണ് ചായക്കുറി നടത്തിയത്. ചായയ്ക്കൊപ്പം പരിപ്പുവട, പഴംപൊരി, ഉണ്ണിയപ്പം, വട എന്നിവ വിളമ്പി. വൻസ്വീകാര്യതയാണ് നാട്ടുകാർക്കിടയിൽ ചായക്കുറിക്ക് ലഭിച്ചത്. മൂന്നിടങ്ങളിലായി നടത്തിയ ചായക്കുറിയിൽ നിന്ന് ഒരു ലക്ഷം രൂപയിലധികം ശേഖരിച്ചു. പണശേഖരണത്തിന് പെട്ടിക്ക് പുറമെ ചായക്കുറിയുടെ ക്യു ആർ കോഡും സ്ഥാപിച്ചിരുന്നു. 15ന് മതിലകത്തും ഡിവൈഎഫ്ഐ ചായക്കുറി സംഘടിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..