വരവൂർ
ഓണ വിപണിയിൽ താരമായിരിക്കുകയാണ് വരവൂർ ഗോൾഡ് എന്ന പേരിൽ അറിയപ്പെടുന്ന കൂർക്ക. വരവൂർ പഞ്ചായത്ത് കുടുംബശ്രീ ഒരുക്കിയ ഓണ വിപണിയിൽ മിന്നും താരമാണ് വരവൂർ ഗോൾഡ്. 63 ഏക്കറിലാണ് കൃഷി വകുപ്പിന്റെ സഹായത്തോടെ കുടുംബശ്രീ കൃഷി ഇറക്കിയത്. ഇടവിളയായി ചെയ്യുന്ന വിരിപ്പ് കൃഷിക്ക് പകരമായാണ് കൂർക്ക കൃഷി ചെയ്തത്.
വിളവെടുപ്പ് കഴിയുന്നതോടെ മുണ്ടകൻ കൃഷിക്കായ് കൂർക്കച്ചെടിയുടെ തലപ്പും, വേരും ഉൾപ്പെടെ പാടത്ത് ഉഴുതുമറിക്കും. സാധാരണ വൃശ്ചിക മാസത്തിലാണ് നാട്ടിൽ പുറങ്ങളിൽ കൂർക്ക കൃഷി വിളവെടുപ്പ് തുടങ്ങുക. എന്നാൽ വരവൂരിലെ കുടുംബശ്രീയുടെ കൂർക്ക മൂന്നു മാസം മുമ്പേ വിപണി കയ്യടക്കും. വിദേശത്തേക്കു വരെ വരവൂർ ഗോൾഡ് കയറ്റുമതി ചെയ്യുന്നുണ്ട്. കർഷകർക്ക് നല്ല വിലയും ലഭിക്കുന്നുണ്ട്. ഓണ വിപണിയിൽ കിലോയ്ക്ക് 100 രൂപയാണ് വില.
കഴിഞ്ഞ വർഷം പഞ്ചായത്തിന്റെയും സിഡിഎസിന്റെയും നേതൃത്വത്തിൽ 25 ലക്ഷം രൂപയുടെ കൂർക്കയാണ് വരവൂരിൽ നിന്നും വിറ്റഴിച്ചത്. നിള ജെഎൽജി ഗ്രൂപ്പിന്റെ കൂർക്കയാണ് ഇപ്പോൾ വിപണിയിൽ എത്തിച്ചിട്ടുള്ളത്. പുറത്ത് മാർക്കറ്റിൽ 180 രൂപ വരെയാണ് വില ഈടാക്കുന്നത്.
വൻ സ്വീകാര്യത ലഭിക്കുന്ന വരവൂർ ഗോൾഡ് വിളവെടുപ്പും, ഓണ വിപണിയും സന്ദർശിക്കാനായി കുടുംബശ്രീ ജില്ലാ മിഷൻ എഡിഎംസിമരായ എസ് സി നിർമൽ, എ സിജുകുമാർ, ഡിപിഎം മാരിയ ശോഭു നാരായണൻ, കെ എൻ ദീപ എന്നിവരും എത്തിയിരുന്നു. സിഡിഎസ് ചെയർ പേഴ്സൺ വി കെ പുഷ്പ, മെമ്പർ സെക്രട്ടറി എം കെ അൽഫ്രെഡ് എന്നിവരാണ് പ്രവർത്തനങ്ങൾ നേതൃത്വം നൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..