08 September Sunday

എന്താ ആസ്‌പത്രി!!

പി വി ബിമൽകുമാർUpdated: Friday Nov 13, 2020

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഉയരുന്ന പുതിയ കെട്ടിടം

കൊടുങ്ങല്ലൂർ
 ‘രോഗം വന്നാൽ എന്തു ചെയ്യും. സ്വകാര്യ ആശുപത്രിയിൽ ചെന്നാൽ കഴുത്തറക്കണ കൊള്ളയാണ്‌. ഇക്കാര്യമോർത്തുള്ള ആധിയെല്ലാം പോയത് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചെന്നതോടെയാണ്. എന്താ ആശുപത്രി! ആ പഴകിയ ഓടിട്ട കെട്ടിടങ്ങളൊന്നുമില്ല. സ്വകാര്യ ആശുപത്രിയെ വെല്ലുന്ന കെട്ടിടം, എല്ലാത്തരം ചികിത്സയ്‌ക്കുമുള്ള ആധുനിക സൗകര്യങ്ങൾ, സർക്കാരായാൽ ഇങ്ങനെ വേണം. രോഗം വന്നാലും പാവങ്ങൾക്കിനി പേടിക്കാനില്ല’–- പെട്ടിക്കാട്ടിൽ ഷാജിയുടെ വാക്കുകളിൽ ആശ്വാസക്കുളിർ. ഷാജിയെപ്പോലെ ആയിരങ്ങളാണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ഹൈടെക്കായതിൽ ആശ്വാസം കൊള്ളുന്നത്. 23.5 കോടിയുടെ വികസനമാണ് ആശുപത്രിയിൽ നടക്കുന്നത് ഇതിൽ പത്തുകോടി ചെലവിൽ നിർമിച്ച അമ്മമാരുടെയും കുട്ടികളുടെയും ബ്ലോക്ക് പ്രവർത്തനമാരംഭിച്ചു.പതിമൂന്നര കോടിയുടെ കെട്ടിട നിർമാണം അവസാന ഘട്ടത്തിലാണ്. 
ഇപ്പോൾ 176 പേരെയാണ് കിടത്തി ചികിത്സിക്കുന്നത്. 27 ഡോക്ടർമാരുടെ സേവനം ലഭിക്കുന്നു 40 നേഴ്സുമാരുണ്ട്. ഒരു ദിവസം ആയിരത്തിലേറെ പേരാണ് ഇവിടെ ചികിത്സ തേടിയെത്തിയിരുന്നത്.   കോവിഡ് ചികിത്സയുള്ളതിനാൽ മെഡികെയർ ആശുപത്രിയിലാണ് പ്രധാന ഒപി. പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചത്. 
ഇന്നസെന്റ്‌ എം പി യുടെ ഫണ്ടുപയോഗിച്ച് ഡയാലിസിസ് യൂണിറ്റും മാമോഗ്രാമും പ്രവർത്തനമാരംഭിച്ചു.ഓട്ടോമാറ്റിക് അന ലൈസർ ഉൾപ്പെടെ ആധുനിക സജ്ജീകരണങ്ങളാണ് ലാബിലുള്ളത്. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന ഓപ്പറേഷൻ റൂം, അൾട്രാസൗണ്ട് സ്കാൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി  രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും. 
പുതിയ കെട്ടിടം പ്രവർത്തനസജ്ജമാകുന്നതോടെ കൂടുതൽ ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും സേവനവും ലഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.റോഷ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top