കയ്പമംഗലം
യുവാക്കളുടെ പേരിൽ ഞതുറന്ന് അനധികൃതമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കയ്പമംഗലം കാക്കാത്തിരുത്തി സ്വദേശി ആനക്കോട്ട് വീട്ടിൽ താജുദ്ദീൻ (52), കയ്പമംഗലം സ്വദേശി കാക്കശ്ശേരി റെമീസ് (26), ചളിങ്ങാട് ചമ്മിണിയിൽ വീട്ടിൽ അബ്ദുൾ മാലിക്ക് (54) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ട്രേഡിങ്ങിനായും ഇൻകം ടാക്സിൽ പ്പെടാതിരിക്കാനുമാണെന്ന് പറഞ്ഞ് യുവാക്കളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി ആ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ പണമിടപാടുകളാണ് ഇവർ നടത്തിയത്. ഇത്തരത്തിലുള്ള അക്കൗണ്ടുകളിലേക്ക് വരുന്ന പണം യുവാക്കളെക്കൊണ്ടുതന്നെ ചെക്ക് വഴി പിൻവലിപ്പിച്ച് നിസ്സാര കമീഷൻ നൽകി കൈക്കലാക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ഇത്തരത്തിൽ തുടങ്ങിയ അക്കൗണ്ടുകളിൽ വന്ന പണം ഫ്രീസ് ചെയ്യപ്പെടുകയും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പൊലീസ് ഏജൻസികൾ ഇവർക്ക് ഹാജരാകാൻ നോട്ടീസ് അയക്കുകയും ചെയ്തതോടെയാണ് തങ്ങളുടെ അക്കൗണ്ടുകളിലേക്ക് വരുന്ന പണം എവിടെയോ തട്ടിപ്പ് നടത്തി നേടിയ പണമാണെന്ന് യുവാക്കൾക്ക് മനസ്സിലാകുന്നത്.
കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തിൽ കയ്‌പമംഗലം എസ്എച്ച്ഒ എം ഷാജഹാൻ, എസ്ഐ കെ എസ് സൂരജ് , ജി എസ്ഐ പി വി ഹരിഹരൻ, ഗ്രേഡ് സീനിയർ സിപിഒ മുഹമ്മദ് റാഫി,സിപിഒ മുഹമ്മദ് ഫറൂക്ക് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..