തൃശൂർ
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പൊറുതിമുട്ടുന്നതിനിടെ, പാചകവാതകത്തിനും കുത്തനെ വില ഉയർത്തിയതിൽ രാഷ്ട്രീയഭേദമെന്യേ ജനങ്ങളിൽ പ്രതിഷേധം അലയടിക്കുന്നു. വീടുകളിലെ അടുക്കളയിൽനിന്ന് ഉയരുന്ന പ്രതിഷേധ സമരങ്ങൾ നാടാകെ പടരുകയാണ്. രാഷ്ട്രീയ പാർടികൾ, മഹിളകൾ, യുവാക്കൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവരുടെ സംഘടനാ നേതൃത്വത്തിലാണ് മുഴുവനാളുകളും തെരുവിലിറങ്ങി പ്രതിഷേധിച്ചത്. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് നീക്കം.
രാജ്യത്ത് ഉടലെടുത്തിരിക്കുന്ന വിലക്കയറ്റം കൂടുതൽ ഉയർത്താനേ പാചകവാതക വിലവർധനയിടയാകൂവെന്നതിനാലാണ് പ്രതിഷേധം വ്യാപകമാകുന്നത്. സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെ ലോക്കൽ കേന്ദ്രങ്ങളിലും ബ്രാഞ്ച് അടിസ്ഥാനത്തിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു. സിഐടിയു, എൻജിഒ യൂണിയൻ, എഫ്എസ്ഇടിഒ, മഹിളാസംഘം, ഡിവൈഎഫ്ഐ, എഐവൈഎഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഗ്യാസ് സിലിണ്ടറുമേന്തിയാണ് പ്രതിഷേധപ്രകടനങ്ങൾ നടന്നത്. ഉപഭോക്തൃ ഏകോപനസമിതി പ്രതിഷേധിച്ചു. ഗ്രാമ–-നഗര പ്രദേശങ്ങളിൽ രാത്രിയിൽ പന്തംകൊളുത്തി പ്രകടനവും നടന്നു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടർന്നാണ് ഈ മാസം ആദ്യം പാചകവാതകവില വർധിപ്പിക്കാതെ അധികാരികൾ പിടിച്ചുനിർത്തിയത്.
പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ച്നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാസംഘം ജില്ലാ കമ്മിറ്റി പ്രകടനവും ധർണയും നടത്തി. ജില്ലാ സെക്രട്ടറി എം സ്വർണലത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അധ്യക്ഷനായി. അജിത വിജയൻ സംസാരിച്ചു. ആർ റോസിലി സ്വാഗതവും ഗീത രാജൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..