തൃശൂർ
ജില്ലയിലെ അടിസ്ഥാന മേഖലയിലുൾപ്പെടെ മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിനാണ് മുൻഗണനയെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ. ടൂറിസം, സ്പോർട്സ് തുടങ്ങിയ മേഖലയിൽ ഏറെ സാധ്യതയുള്ള ജില്ലയെന്ന രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്യും. മുൻ കലക്ടർ കൃഷ്‌ണ തേജ നടപ്പാക്കിയ ‘ടുഗദർ തൃശൂർ’ പോലെയുള്ള പദ്ധതികൾ മാറ്റമില്ലാതെ തുടരും. തൃശൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂലൈ 29, 30 തീയതികളിൽ ജില്ലയിൽ കനത്ത മഴയാണുണ്ടായത്. പീച്ചി, വാഴാനി ഡാം തുറന്നതോടെ ഏകദേശം 1000 വീടുകളിൽ വെള്ളം കയറി. 20, 000 ആളുകളെ മാറ്റിത്താമസിപ്പിക്കേണ്ടിവന്നു. ഡാം തുറക്കുന്ന കാര്യത്തിൽ വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. അഴുക്കുചാലുകൾ വൃത്തിയാക്കാത്തതും വെള്ളം കയറാൻ കാരണമായി. ഇതിന്റെ എല്ലാവശങ്ങളും വിശദമായി പരിശോധിക്കും. മഴക്കെടുതി മൂലം ജില്ലയിൽ 40 –- -50 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണ് കണക്കുകള്‍.
മൂന്നുതവണ ജില്ലാതല വിദഗ്ധരും ഒരുതവണ സംസ്ഥാനതല വിദഗ്ധസംഘവും അകമലയിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചിട്ടുണ്ട്. രണ്ട് വീടുകൾ സുരക്ഷിതമല്ലെന്ന റിപ്പോർട്ടുണ്ട്. അവരെ മാറ്റിപ്പാർപ്പിക്കും.
കുന്നംകുളം- കുറ്റിപ്പുറം റോഡിലെ ടാറിങ്, അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പണി തീര്‍ക്കാമെന്നാണ് കരാറുകാര്‍ പറഞ്ഞിട്ടുള്ളത്. ജൂണ്‍ അവസാനത്തില്‍ ടെന്‍ഡര്‍ ആയതാണ്. എന്നാല്‍ മഴ തടസ്സമായി. കൊടുങ്ങല്ലൂര്‍ റോഡിന്റെ കാര്യവും പരിശോധിച്ച് വരികയാണ്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സര്‍ക്കാര്‍ ആഘോഷ പരിപാടികളില്ലെന്നും അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ഒ രാധിക അധ്യക്ഷയായി. സെക്രട്ടറി പോള്‍ മാത്യു, വൈസ് പ്രസിഡന്റ് അരുണ്‍ എഴുത്തച്ഛന്‍ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..