തൃശൂർ
"ഹലോ സിബിഐ ആണ്, നിങ്ങളുടെ പേരിലൊരു കേസുണ്ട്. പണമയച്ചില്ലെങ്കിൽ ഉടൻ അറസ്റ്റ് ചെയ്യും' ഇങ്ങനൊരു ഫോൺവിളി വന്നാൽ പേടിച്ച് പണമയക്കാൻ നിൽക്കരുത്. വ്യാജ ഫോൺ സന്ദേശമാണെന്ന് തോന്നിയാൽ ഉടൻ 112 എന്ന നമ്പറിൽ വിളിച്ച് ഉറപ്പുവരുത്തണം. ഇത്തരത്തിൽ സൈബർതട്ടിപ്പുകൾ വ്യാപകമാവുകയാണെന്നും ഇരയാവാതെ ജാഗ്രതപുലർത്തണമെന്നുമാണ് സിറ്റി പൊലീസ് കമീഷണറുടെ നിർദേശം.
ജില്ലയിൽ നിരവധി സൈബർതട്ടിപ്പുകേസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. സിബിഐയുടെയും ഇഡിയുടെയും അധികാരികളാണെന്നും പറഞ്ഞ് തൃശൂർ സ്വദേശിനിയിൽ നിന്ന് ഒന്നര കോടിയിലധികം രൂപയാണ് തട്ടിയത്. കഴിഞ്ഞ ദിവസം യുവാവിൽ നിന്ന് 17 ലക്ഷം രൂപയും തട്ടി. ഫെഡെക്‌സ് കൊറിയർ സ്‌കാം, അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞുള്ള കോളുകൾ തുടങ്ങിയ സൈബർ തട്ടിപ്പുകളാണ് വ്യാപകമാകുന്നത്. തൃശൂർ സ്വദേശിനിയിൽ നിന്നും ഭർത്താവിൽനിന്നും പല ഘട്ടങ്ങളിലായി 1.59 കോടി രൂപയാണ് സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത്. മണി ലോണ്ടറിങുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ടിവിയിൽ സമാനമായ ഒരു തട്ടിപ്പിനെക്കുറിച്ചുള്ള അറിയിപ്പ് കണ്ടപ്പോഴാണ് ചതിയാണെന്ന് യുവതിക്ക് മനസിലായത്. ഉടൻ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്‌തു. പിന്നീട് തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസിലും പരാതി നൽകി.
മറ്റൊരു യുവാവും തട്ടിപ്പിനിരയായി. കൊറിയർ മുംബൈയിൽ നിന്നും റഷ്യയിലേക്ക് അയക്കാൻ കിട്ടിയിട്ടുണ്ടെന്നും അന്യായമായ ചിലവസ്തുക്കൾ കണ്ടെത്തിയതിനാൽ മുംബൈയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞാണ് തുക തട്ടിയത്. കേസിന്റെ ആവശ്യത്തിന് പണമാവശ്യമുണ്ടെന്ന് പറഞ്ഞാണ് 17 ലക്ഷത്തോളം രൂപ തട്ടിയത്.
തട്ടിപ്പാണെന്നു മനസിലാക്കിയ യുവാവ് ഉടൻ 1930 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിച്ചതിനാൽ അക്കൗണ്ട് ബ്ലോക്കാക്കി. പൊലീസ് അന്വേഷിച്ച് തുക കണ്ടെത്തി തിരികെ ഏൽപ്പിച്ചു. സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻതന്നെ http://www.cybercrim e.gov.in എന്ന സൈബർ ക്രൈം പോർട്ടലിൽ റിപ്പോർട്ട് ചെയ്യണം. അല്ലെങ്കിൽ ഒരുമണിക്കൂറിനുള്ളിൽ ഹെൽപ്പ് ലൈൻ നമ്പരായ -1930 ലേക്ക് വിളിച്ചറിയിക്കണം. ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ അറിയിച്ചു.
ജാഗ്രത വേണം
● അപരിചിതരുടെ കോളുകളിൽ സംശയം തോന്നിയാൽ അവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ് എമർജൻസി നമ്പരായ 112 വിൽ വിളിച്ച് ഉറപ്പുവരുത്തുക.
● കേരള പൊലീസ് നൽകുന്ന സുരക്ഷാനിർദേശങ്ങളെ അവഗണിക്കാതിരിക്കുക.
● സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
● ഒടിപി, സാമ്പത്തിക സ്വകാര്യവിവരങ്ങൾ ഷെയർ ചെയ്യാതിരിക്കുക.
● അനാവശ്യ ലിങ്കുകൾ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..