17 November Sunday

ആദ്യാക്ഷരം കുറിച്ച്‌ കുരുന്നുകൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

വിജയദശമി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഹരിശ്രീ കുറിക്കുന്ന കുരുന്നുകൾ

ചേർപ്പ്‌

കുരുന്നു ചൂണ്ടുവിരൽ കൊണ്ട്‌ അരിയിൽ ആദ്യാക്ഷരങ്ങൾ കുറിച്ചു. അറിവിന്റെയും അക്ഷരങ്ങളുടേയും ലോകത്തേക്ക്‌ കുട്ടികൾ പിച്ചവച്ചു. നവരാത്രിയോടനുബന്ധിച്ച്‌ വിജയദശമി നാളിൽ ആയിരങ്ങൾ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകളിൽ പങ്കാളികളായി. തിരുവുള്ളക്കാവ് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ എണ്ണായിരത്തോളം കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിന് തിരുവുള്ളക്കാവ് വാരിയത്തെ ടി വി ശ്രീധരൻ വാര്യർ  നേതൃത്വം നൽകി. അറുപതോളം ആചാര്യൻമാരും പങ്കെടുത്തു. ഞായർ പുലർച്ചെ ആരംഭിച്ച എഴുത്തിനിരുത്തൽ ചടങ്ങ് ഉച്ചവരെയും തുടർന്നു. കോരിച്ചൊരിയുന്ന മഴയുണ്ടായിട്ടും നല്ല തിരക്ക് അനുഭവപ്പെട്ടു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി മഴമംഗലത്ത് തരണനെല്ലൂർ രമേശൻ നമ്പൂതിരിപ്പാട്  കാർമകിനായി.
 
ഗുരുവായൂരിൽ 
372 കുട്ടികൾ
ഗുരുവായൂർ
വിജയദശമി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഹരിശ്രീ കുറിച്ച്‌ 372 കുരുന്നുകൾ. ക്ഷേത്രത്തിനകത്ത് വടക്കുഭാഗത്തെ ടിക്കറ്റ് കൗണ്ടറിനു മുമ്പിൽ പ്രത്യേകം സജ്ജമാക്കിയ വിദ്യാരംഭ വേദിയിലായിരുന്നു ചടങ്ങുകൾ. പ്രൊഫ. മേലേടം കേശവൻ നമ്പൂതിരി, മേച്ചേരി വാസുദേവൻ നമ്പൂതിരി, തേലമ്പറ്റ വാസുദേവൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, നാഗേരി നാരായണൻ നമ്പൂതിരി, കോടയ്ക്കാട് ശശി നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ  കുട്ടികളെ ഹരിശ്രീ എഴുതിച്ചു.  അക്ഷര ലോകത്തേക്ക് പിച്ചവച്ച കുരുന്നുകൾക്ക് നോട്ട്ബുക്ക്‌, പേന, പലഹാരപാക്കറ്റ്, പഴം പഞ്ചസാര, ഓടക്കുഴൽ എന്നിവ അടങ്ങിയ കിറ്റ് സമ്മാനമായി നൽകി. ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ, അസി. മാനേജർമാരായ കെ ലെജുമോൾ, കെ സുശീല ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top