15 November Friday

കല്ലേറ്റുംകരയിൽ ആർഎംഎസ്
നിർത്തലാക്കാൻ നീക്കം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024
ആളൂർ  
 നാൽപ്പത്‌ വർഷത്തിലധികമായി കല്ലേറ്റുംകരയിൽ പ്രവർത്തിച്ചുവരുന്ന ആർഎംഎസ് സംവിധാനം നിർത്തലാക്കാൻ ശ്രമം. ഡിസംബർ ഏഴിന് മുമ്പായി   എൽടു ഓഫീസുകൾ സമീപത്തുള്ള സ്പീഡ് ഹബ്ബുമായി ലയിപ്പിക്കാനുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പിലാക്കുന്നതോടെ ആളൂർ ആർഎംഎസിന് പൂട്ടുവീഴും. 
തീരപ്രദേശം മുതൽ മലയോരമേഖലയായ മലക്കപ്പാറ വരെ വ്യാപിച്ചു കിടക്കുന്ന 200 ഓളം പോസ്റ്റ് ഓഫീസുകളിലെ തപാൽ ഉരുപ്പടികളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.  
 24 മണിക്കൂർ ബുക്കിങ്‌ സമയം ഉള്ളതുകൊണ്ട് വിദേശങ്ങളിലേക്ക് അടക്കം തപാൽ  ഉരുപ്പടികൾ അയക്കാം. പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനസമയത്തിനുശേഷം രജിസ്റ്റേഡ് -സ്പീഡ് പോസ്റ്റ് ബുക്കിങ്ങിനായി കൊടുങ്ങല്ലൂർ, ചാലക്കുടി, മാള, ഇരിങ്ങാലക്കുട മേഖലയിൽ ഉള്ളവർ ഈ ആർഎംഎസിനെയാണ്  ആശ്രയിക്കുന്നത്.  
 കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്യ വ്യാപകമായി നിരവധി പ്രക്ഷോഭ പരിപാടികളാണ്  ജീവനക്കാരുടെ സംഘടനയായ എൻഎഫ്പിഇ യുടെ നേതൃത്വത്തിൽ നടന്നു വരുന്നത്. കത്ത്, പാഴ്സൽ തുടങ്ങിയ തപാൽ ഉരുപ്പടികൾ കുറഞ്ഞ നിരക്കിൽ  പൊതുജനങ്ങൾക്ക് ലഭ്യമായിരുന്ന സംവിധാനം നിർത്തലാക്കുന്നതോടെ സ്വകാര്യ കൊറിയർ കമ്പനികൾക്ക് അവർക്കിഷ്ടമുള്ള നിരക്ക് ഈടാക്കി ഈ സേവനം നൽകാനുള്ള അവസരമാണ് കൈവരുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top