26 December Thursday

അനിശ്ചിതകാല സത്യഗ്രഹ സമരം 
നാണംകെട്ട് അവസാനിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024
ചാലക്കുടി
ചാലക്കുടി നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ നഗരസഭ ഉദ്യോഗസ്ഥക്കെതിരെ നടത്തിയ അനിശ്ചിതകാല സത്യഗ്രഹ സമരം നാണംകെട്ട് അവസാനിപ്പിച്ചു. വികസനം തടസ്സപ്പെടുത്തുന്ന അസി.എൻജിനിയർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ബിജെപി സ്വതന്ത്രനായി വിജയിച്ച് പിന്നീട് കോൺഗ്രസിലെത്തിയ കൗൺസിലർ വത്സൻ ചമ്പക്കര നഗരസഭ ഓഫീസിൽ ചൊവ്വാഴ്ച സമരം ആരംഭിച്ചത്. നഗരസഭയിലെ സത്യസന്ധയായ ഉദ്യോഗസ്ഥയെ സസ്‌പെൻഡ്‌ ചെയ്യണമെന്നായിരുന്നു സമരക്കാരന്റെ ഒരാവശ്യം. എന്നാൽ ചെയർമാൻ എബി ജോർജും ചെയർമാൻ പക്ഷവും സമരം അവഗണിച്ചു. 
ഇതോടെ സമരം പാളുമെന്ന അവസ്ഥയിലെത്തി. ഇതോടെ തന്റെ പക്ഷക്കാരനായ വത്സൻ ചമ്പക്കരയെ നാണക്കേടിൽ നിന്നും രക്ഷിക്കാനായി മുൻ നഗരസഭ ചെയർമാൻ വി ഒ പൈലപ്പൻ രംഗത്തെത്തി. തുടർന്ന് ഇരുവിഭാഗക്കാരും അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. സമരം മാന്യമായി അവസാനിപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് പൈലപ്പൻ ചർച്ചയിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ചെയർമാനും കൂട്ടരും തള്ളിക്കളഞ്ഞു. ഇതേ തുടർന്നുണ്ടായ വാക്കേറ്റവും ബഹളവും എടാ പോടാ വിളികളിൽ കലാശിച്ചു. വത്സൻ ചമ്പക്കരയുടെ സമരവേദിയിൽ സഹപ്രവർത്തകരായ കോൺഗ്രസ് കൗൺസിലർമാരോ പാർടി പ്രവർത്തകരോ എത്തിയില്ലെങ്കിലും ബിജെപി നേതാക്കൾ കാര്യങ്ങൾ തിരക്കാനെത്തിയിരുന്നു. സമരം പാളിയ അവസ്ഥയിൽ പോട്ടയിലെ കോൺഗ്രസ് അനുഭാവമുള്ള പ്രവാസി വ്യവസായി ഇടപെട്ടാണ് സമരം അവസാനിപ്പിച്ചത്. അസി.എൻജിനിയർക്കെതിരെ നടപടി വേണമെന്നതടക്കമുള്ള ഒരു ആവശ്യം പോലും പരിഗണിക്കാതെ അവസാനം നാണംകെട്ട് വത്സൻ ചമ്പക്കര സമരം അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ പൈലപ്പൻ ഗ്രൂപ്പിന് വീണ്ടും തിരിച്ചടിയായി. ഭരണപക്ഷത്തെ ഗ്രൂപ്പ് വഴക്ക് മൂലം നഗരസഭ ഭരണത്തിന്റെ നാല് വർഷത്തിനിടയിൽ ഏകദേശം ആറ് കോടിയോളം രൂപയാണ് നഗരസഭയ്ക്ക്‌ നഷ്ടപ്പെട്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top